| Wednesday, 29th March 2023, 11:15 pm

'രാഹുലിന്റെ വ്യക്തിപരമായ കുഴപ്പമല്ല, കോണ്‍ഗ്രസിന്റെ വര്‍ഗ സ്വഭാവത്തിന്റെ പ്രശ്‌നമാണത്'; കോണ്‍ഗ്രസിനെതിരെ എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കോണ്‍ഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരായ വിമര്‍ശനം അവസാനിപ്പിച്ചു എന്ന പത്രവാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു എം.എ. ബേബിയുടെ വിമര്‍ശനം.

ഇത് രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ ഒരു കുഴപ്പമല്ലെന്നും കോണ്‍ഗ്രസിന്റെ വര്‍ഗ സ്വഭാവത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എന്ന പോലെ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉള്ളപ്പോള്‍ മാത്രമേ കോണ്‍ഗ്രസ് പുരോഗമന നയങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും ബേബി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മേല്‍ ശിവസേനയുടെ നിയന്ത്രണം ഹിന്ദുത്വനയം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രേരിതമാകുന്നതിന്റെ തെളിവാണെന്നും എം.എ. ബേബി പറഞ്ഞു.

എം.എ. ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സവര്‍ക്കര്‍ക്കെതിരായ വിമര്‍ശനം രാഹുല്‍ ഗാന്ധി അവസാനിപ്പിച്ചു എന്നാണ് പത്രവാര്‍ത്ത. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ എതിര്‍പ്പിനെ തുടര്‍ന്നാണത്രെ ഇത്.
കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവത്തിന്റെ പ്രശ്‌നമാണ് ഇത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ ഒരു കുഴപ്പമല്ല. കോണ്‍ഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാര്‍ട്ടി ആണ്. അവര്‍ക്ക് ഈ യാഥാസ്ഥിതിക വോട്ട് ബാങ്കിനെ അവഗണിക്കാന്‍ ആവില്ല.

അതുകൊണ്ടാണ് ശിവസേനയോടുപോലും ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന മൃദു ഹിന്ദുത്വനയം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രേരിതമാകുന്നത്.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എന്ന പോലെ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉള്ളപ്പോള്‍ മാത്രമേ കോണ്‍ഗ്രസ് പുരോഗമന നയങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂ. ബി.ജെ.പിയെ നേരിടാന്‍ കേരളത്തിലും കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ പോരേ എന്ന് ചോദിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ട്.

അവര്‍ക്കുള്ള ഉത്തരം ആണ് രാഹുല്‍ ഗാന്ധിയുടെ മേല്‍ ശിവസേനയുടെ നിയന്ത്രണം! ശക്തമായ ഇടതുപക്ഷം ഇല്ലാത്ത ബി.ജെ.പി വിരുദ്ധപക്ഷം ശിവസേന നിയന്ത്രിക്കുന്ന ഫ്യൂഡല്‍ രാഷ്ട്രീയ മുന്നണി ആയിരിക്കും. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നുമാത്രമല്ല, ബ്രിട്ടീഷുകാരുടെ പെന്‍ഷനും വാങ്ങി അവരുടെ സേവകനായി ജീവിച്ചു.

ഒന്നല്ല, അഞ്ച് വട്ടം മാപ്പപേക്ഷിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സേവകനായി ജീവിച്ചു കൊള്ളാം എന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്യുകയും ചെയ്തു. മഹാത്മാഗാന്ധി വധത്തില്‍ പ്രതി ആയിരുന്നു. ആ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയതുകൊണ്ട് മാത്രമാണ് സവര്‍ക്കര്‍ ശിക്ഷിക്കപ്പെടാതെ പോയത്.

Content Highlight: CPIM politburo member MA Baby said that the Congress is always a political party of the Janmi capitalist alliance

We use cookies to give you the best possible experience. Learn more