| Thursday, 31st August 2023, 11:09 pm

'മോദിയുമായുള്ള അദാനിയുടെ കൂട്ടുക്കച്ചവട ബന്ധം, സുപ്രീം കോടതി ഇടപെടലില്‍ അന്വേഷണം വേണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ തട്ടിപ്പ് രാജ്യത്തെ ആകെ ബാധിക്കുകയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പുതിയ തെളിവുകള്‍ ഗൗരവകരമായ അന്വേഷണം അനിവാര്യമാക്കുന്നുണ്ടെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണാധികാരം ദുരുപയോഗിച്ച് മറച്ചുവെക്കല്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സുപ്രീം കോടതി സൂക്ഷ്മമായി കേസില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരിവിലയില്‍ കൃത്രിമം കാണിച്ച് അവയുടെ മൂല്യവും ആസ്തിയും വര്‍ധിപ്പിച്ചതിന് ഇന്ന് പുതിയ തെളിവുകള്‍ പുറത്തുവന്നു. ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസും ദി ഗാര്‍ഡിയനും, ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്റ്റില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിനോദ് അദാനിയുടെ രണ്ട് അടുത്ത കൂട്ടാളികള്‍ ബെര്‍മുഡയിലെ നിക്ഷേപ ഫണ്ട് ഉപയോഗിച്ച് അദാനിയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ ഓഹരികള്‍ വാങ്ങാന്‍ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ചത് എങ്ങനെയെന്ന് അവര്‍ വെളിപ്പെടുത്തി.
2014ല്‍ അദാനി കമ്പനികളുടെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച കാര്യം സെബി പരിശോധിച്ചുവെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിനും നഗ്‌നമായകൃത്രിമത്വത്തിനും എതിരെ , റെഗുലേറ്ററി അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കുകയില്ലെന്ന് പ്രധാനമന്ത്രി മോദിയുമായുള്ള അദാനിയുടെ കൂട്ടുകച്ചവടബന്ധം ഇതുവരെ ഉറപ്പാക്കിയിട്ടുമുണ്ട്,’ എം.എ. ബേബി പറഞ്ഞു.

ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലുള്ള ചില വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനിയില്‍ രഹസ്യ നിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ട് ഇന്നായിരുന്നു പുറത്ത് വന്നത്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആര്‍.പി) ആണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രഹസ്യ നിക്ഷേപം നടത്തിയതില്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ പങ്കും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അദാനിക്കെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.

ജി 20 യോഗം നടക്കാനിരിക്കെ അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് രാഹുല്‍ വിമര്‍ശിച്ചു. മോദിയും അദാനിയും തമ്മിലുള്ള ബന്ധമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: CPIM politburo member MA Baby said that Adani Group’s fraud in the stock market is affecting the country as a whole

We use cookies to give you the best possible experience. Learn more