| Sunday, 4th September 2022, 4:31 pm

കേരളത്തില്‍ താമര വിടരുമെന്നത് അമിത് ഷായുടെ ദിവാസ്വപ്നം: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് താമര വിടരുമെന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദിവാസ്വപ്നം മാത്രമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലെ താമര കൊഴിഞ്ഞു പോയത് അമിത് ഷാ അറിഞ്ഞില്ലേയെന്നും എം.എ. ബേബി ചോദിച്ചു.

കമ്യൂണിസം ലോകത്ത് നിന്നും തകര്‍ന്നു എന്നത് ദിവാസ്വപ്നം മാത്രമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചു നിന്നിട്ടും അതിനെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിജീവിച്ചതാണെന്നും ബേബി പറഞ്ഞു. ബി.ജെ.പി വളരുന്നത് എം.എല്‍.എമാരെ പണം നല്‍കി വാങ്ങിക്കൂട്ടിയാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നാണ് അമിത് ഷാ പറഞ്ഞത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് പട്ടികജാതി മോര്‍ച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

രാജ്യത്ത് കോണ്‍ഗ്രസ് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്യൂണിസവും അപ്രത്യക്ഷമാകുന്നു. ഇന്ത്യയില്‍ ഇനി ഭാവിയുള്ളത് ബി.ജെ.പിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.

രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണെന്നും അമിത് ഷാ പറഞ്ഞു.

ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് വേണം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാന്‍. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്ര ഭക്തി മാത്രം മതി. പക്ഷെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവും ഉണ്ടാവണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് 60 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിട്ടും വ്യത്യസ്ത സമയങ്ങളില്‍ എട്ട് വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഭരണത്തിന്റെ ഭാഗമാകാനുള്ള അവസരം ഉണ്ടായിരുന്നു, എന്നിട്ടും ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.

Content Highlight: CPIM Politburo Member MA Baby’s Reply to Amit Sha

We use cookies to give you the best possible experience. Learn more