'അടുത്ത ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം കേരളാ സ്റ്റോറിക്ക്'; വിമര്‍ശനവുമായി എം.എ. ബേബി
തിരുവനന്തപുരം: അറുപത്തിയൊന്‍പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയതിലാണ് എം.എ. ബേബിയുടെ വിമര്‍ശനം.
അടുത്ത തവണ ഈ അവാര്‍ഡ് ‘കേരളാ സ്റ്റോറി’ക്ക് ആയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും എം.എ. ബേബി പറഞ്ഞു.
‘കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത സിനിമയ്ക്കുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് നല്കുന്നത് സിനിമാ പുരസ്‌കാരങ്ങളുടെ കാര്യത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍ മാത്രമല്ല, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ആര്‍.എസ്.എസ് വീക്ഷണവും പ്രതിഫലിപ്പിക്കുന്നു.
ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത ചിത്രത്തിനുള്ള അടുത്ത പുരസ്‌കാരം ‘കേരളാ സ്റ്റോറി’ക്ക് ആയാലും അത്ഭുതപ്പെടേണ്ടതില്ല,’ എം.എ. ബേബി പറഞ്ഞു.
ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
വിവാദ ചിത്രമെന്ന നിലയില്‍ സിനിമാ നിരൂപകര്‍ പോലും ഒഴിവാക്കിയ ചിത്രത്തിന് നാഷണല്‍ ഇന്റഗ്രിറ്റി നര്‍ഗീസ് ദത്ത് അവാര്‍ഡ് ലഭിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായും സ്റ്റാലിന്‍ പറഞ്ഞിരുന്നു.
ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയും കാശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെ
ദേശീയ അവാര്‍ഡുകളിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നുണ്ട്.
Content Highlight: CPIM Politburo member M. A. Baby criticized the distribution of the 69th National Film Awards