അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാകുന്നു, മറുവശത്ത് പണപ്പെരുപ്പവും പെരുകുന്ന ആത്മഹത്യയും: ബൃന്ദ കാരാട്ട്
national news
അദാനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാകുന്നു, മറുവശത്ത് പണപ്പെരുപ്പവും പെരുകുന്ന ആത്മഹത്യയും: ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 5:23 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് വര്‍ഗീയതയും ആക്രമണവും വളര്‍ത്തുകയാണെന്നും അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. സി.പി.ഐ.എം പങ്കുവെച്ച കോളത്തിലൂടെയായിരുന്നു ബൃന്ദാ കാരാട്ടിന്റെ പ്രതികരണം.

‘നരേന്ദ്ര മോദി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയത് അംബാനിയെയും അദാനിയെയും പോലുള്ള അതിസമ്പന്നര്‍ രഹസ്യമായി നല്‍കിയ പണത്തിന്റെ ബലത്തിലാണ്. മോദി സര്‍ക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണം. ഒരുവശത്ത് അദാനിയെപ്പോലുള്ള മുതലാളിമാര്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാകുന്നു.

മറുവശത്ത് ദിവസവേതനക്കാരുടെയും യുവാക്കളുടെയും ആത്മഹത്യ പെരുകുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് വര്‍ഗീയതയും ആക്രമണവും വളര്‍ത്തുകയാണ്. ജനാധിപത്യ വ്യവസ്ഥക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണ്,’ ബൃന്ദാ കാരാട്ട് പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ പണപ്പെരുപ്പം അതിരൂക്ഷമായി തുടരുകയാണ്. ഡോളറിനെതിരെ 81 രൂപ എന്ന നിലയില്‍ ഇന്ത്യന്‍ രൂപ കൂപ്പുകൂത്തിയിരുന്നു.

ഈ വര്‍ഷത്തെ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് കറന്‍സി രേഖപ്പെടുത്തിയത്. യു.എസ് ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കായ 80.79ലാണ് ഇന്ത്യന്‍ രൂപ.

ഇതോടെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ വലിയ ട്രോളുകളും വിമര്‍ശനവുമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നത്.

CONTENT HIGHLIGHTS:  CPIM Politburo member Brenda Karat says that Modi government’s policy is the reason for the increase in inflation in the country