| Tuesday, 10th January 2023, 11:55 pm

അധികാര കേന്ദ്രീകരണത്തിന് ഗവര്‍ണറെ ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ആവര്‍ത്തിച്ചിട്ടുള്ള നീക്കം; ആര്‍.എന്‍. രവിയെ വിമര്‍ശിച്ച് സി.പി.ഐ.എം പി.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നയപ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കാതെ വിട്ടുകളഞ്ഞ നടപടിയില്‍ പ്രതിഷേധമറിയിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ശബ്ദമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ഭരണഘടനാ തത്വം ഗവര്‍ണര്‍ രവി നിര്‍ലജ്ജം ലംഘിച്ചെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗം അതേപടി ഗവര്‍ണര്‍ വായിക്കണമെന്നത് ദീര്‍ഘകാലമായി തുടരുന്ന കീഴ് വഴക്കമാണ്. ഗവര്‍ണര്‍ മുന്‍കൂട്ടി അംഗീകരിച്ച പ്രസംഗ ഉള്ളടക്കത്തിന്റെ ഭാഗങ്ങളാണ് അദ്ദേഹം വായിക്കാതിരുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന ക്രമസമാധാനപാലന മേഖലയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിനുള്ള വിരോധമാണ് ഈ നീക്കത്തില്‍ വ്യക്തമാകുന്നത്.

തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്‌കരണ മേഖലയിലെ പ്രമുഖരെക്കുറിച്ചുള്ള ഭാഗങ്ങളും ഗവര്‍ണര്‍ ഒഴിവാക്കി.
സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനപരമായ പങ്ക് അട്ടിമറിക്കാനും ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുത്താനും അധികാര കേന്ദ്രീകരണത്തിനും ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള നീക്കങ്ങളുടെ മാതൃക കൂടിയാണ് തമിഴ്‌നാട് ഗവര്‍ണര്‍ രവിയുടെ നടപടിയെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായും വായിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആര്‍.എന്‍. രവി സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം മാത്രമേ സഭയില്‍ രേഖപ്പെടുത്തൂവെന്നും ഇതില്‍ ഗവര്‍ണര്‍ ചേര്‍ത്ത ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ ദ്രാവിഡ മോഡലുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കുകയും അദ്ദേഹത്തിന്റേതായി കുറച്ച് ഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തതിനെതിരെ മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ യഥാര്‍ത്ഥ പ്രസംഗം മാത്രം രേഖകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രമേയം സഭ അംഗീകരിച്ചു.

Content Highlight: CPIM Politburo has protested the Tamil Nadu Governor’s failure to read some parts of the speech prepared by the state government for the policy announcement 

We use cookies to give you the best possible experience. Learn more