| Wednesday, 1st March 2023, 5:13 pm

അല്ലെങ്കിലേ തൊഴിലില്ലായ്മയും ദാരിദ്ര്യവും; പാചകവാതക വില വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗാര്‍ഹിക പാചകവാതക വില വീണ്ടും 50 രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടര്‍ച്ചയായി ഉയരുമ്പോള്‍ പാചകവാതക വില വര്‍ധനവ് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമാകുമെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ക്രൂരമായ വര്‍ധനവെന്നും ഇത് ഉടന്‍ പിന്‍വലിക്കലിക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

‘ഈ വില വര്‍ധനയോടെ കൂടുതല്‍ ആളുകള്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. ഉജ്ജ്വല യോജനക്ക് കീഴിലുള്ളവരില്‍ 10 ശതമാനത്തിലധികം പേര്‍ കഴിഞ്ഞ വര്‍ഷം റീഫില്‍ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേര്‍ ഒരു റീഫില്‍ മാത്രമാണ് എടുത്തത്.

ആവശ്യമായ വാര്‍ഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകള്‍ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതില്‍ കുറവോ റീഫില്ലുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ.
പ്രതിവര്‍ഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണിത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഈ വര്‍ഷം രണ്ടാം തവണയാണ് വര്‍ധിപ്പിക്കുന്നത്.

350.50 രൂപ വര്‍ധിപ്പിച്ചതോടെ ഒരു വാണിജ്യ സിലിണ്ടറിന് ദല്‍ഹിയില്‍ 1769 രൂപക്ക് പകരം 2119.5 രൂപയായി ഉയര്‍ന്നു. ഇതോടെ, എല്ലാ സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും ഇന്‍പുട്ട് ചെലവ് വര്‍ധിക്കും എന്നും ഇത് കൂടുതല്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നും ഉറപ്പാണ്,’ സി.പി.ഐ.എം പറഞ്ഞു.

അതേസമയം, സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണ് ബുധനാഴ്ചയുണ്ടായത്. പുതിയ വില പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍, ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയാകും. വാണിജ്യ സിലിണ്ടറിന് 350 രൂപ കൂടി ഉയരുന്നതോടെ ആകെ വില 2124 രൂപയാകും.

എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും.

Content Highlight: CPIM Politburo has protested against the central government’s move to increase domestic cooking gas prices

We use cookies to give you the best possible experience. Learn more