സത്യം പറയുന്നവര്‍ക്കെതിരെ കേന്ദ്രത്തിന്റെ യു.എ.പി.എ കരിനിയമ ഭീഷണി; ന്യൂസ്‌ക്ലിക്ക് റെയ്ഡില്‍ സി.പി.ഐ.എം പി.ബി
national news
സത്യം പറയുന്നവര്‍ക്കെതിരെ കേന്ദ്രത്തിന്റെ യു.എ.പി.എ കരിനിയമ ഭീഷണി; ന്യൂസ്‌ക്ലിക്ക് റെയ്ഡില്‍ സി.പി.ഐ.എം പി.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2023, 9:17 pm

ന്യൂദല്‍ഹി: ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും വീടുകളില്‍ നടക്കുന്ന റെയ്ഡില്‍ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. മാധ്യമങ്ങളെ ആക്രമിക്കാനും അടിച്ചമര്‍ത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പരഞ്ഞു.

ഇതിനെതിരെ പ്രതിഷേധിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാജ്യസ്‌നേഹികളും ഒറ്റക്കെട്ടായി അണിചേരണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

‘യു.എ.പി.എ കരിനിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, സാംസ്‌കാരിക ചരിത്രകാരന്മാര്‍, നിരൂപകര്‍, ആക്ഷേപഹാസ്യ കലാകാരന്മാര്‍, സ്റ്റാന്‍ഡ്-അപ്പ് കോമഡിയന്‍മാര്‍ എന്നിവരുടെ അടക്കം വീടുകളില്‍ ഇന്ന് രാവിലെ ദല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെ ശക്തമായി അപലപിക്കുന്നു.

 

മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിത്. ബി.ബി.സി, ന്യൂസ് ലോന്‍ഡ്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍, കാശ്മീര്‍ വാല, വയര്‍ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളെ അടിച്ചമര്‍ത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചിട്ടുണ്ട്. ഇതേ നടപടിയുടെ തുടര്‍ചയാണ് ഇപ്പോള്‍ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയും സ്വീകരിച്ചിരിക്കുന്നത്.

അധികാരത്തിനു മുന്നില്‍ പതറാതെ സത്യം തുറന്നു പറയുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ അരങ്ങേറുന്ന സ്വേച്ഛാധിപത്യ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ആക്രമിക്കാനും അടിച്ചമര്‍ത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്,’ സി.പി.ഐ.എം പറഞ്ഞു.

ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ കേന്ദ്രീകരിച്ച് ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ റെയ്ഡ് നടന്നത്. ആറ് മണിമുതല്‍ ഒമ്പത് മണിക്കൂറാണ് ദല്‍ഹി പൊലീസിന്റെ റെയ്ഡ് നടന്നിരുന്നത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കാരണമാണ് യെച്ചൂരിക്ക് ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിയ വസതിയില്‍ റെയ്ഡ് നടന്നിരുന്നത്.

Content Highlight: CPIM Politburo condemns raids on Newsclic journalists’ houses