'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഇന്ത്യൻ ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ തകർക്കാനുള്ള ശ്രമം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
national news
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഇന്ത്യൻ ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ തകർക്കാനുള്ള ശ്രമം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2024, 3:46 pm
സംസ്ഥാനങ്ങളുടെ അവകാശങ്ങളെ വെട്ടിച്ചുരുക്കാനുള്ള ആര്‍.എസ്.എസ് ആശയമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ

ന്യൂദല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ ശക്തമായി എതിര്‍ക്കണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കിയാല്‍ അത് പാര്‍ലമെന്ററി ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് പി.ബി പറഞ്ഞു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് പരാമര്‍ശം.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്, രാജ്യത്തെ നിയമസഭകളുടെ ആയുസ് വെട്ടിച്ചുരുക്കുന്നതിനായുള്ള നിര്‍ദേശങ്ങളാണെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും മുന്‍സിപ്പല്‍ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വഞ്ചനാപരമാണെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.

ഒറ്റ തെരഞ്ഞെടുപ്പ് പ്രകാരം, ഒരു സംസ്ഥാന സര്‍ക്കാര്‍ താഴെ വീഴുകയോ നിയമസഭ പിരിച്ചുവിടുകയോ ചെയ്താല്‍ തെരഞ്ഞെടുപ്പ് നടക്കുക ശേഷിക്കുന്ന കാലയളവിലേക്കായിരിക്കും. അത് ഭരണഘടന ഉറപ്പ് നല്‍കുന്ന അഞ്ച് വര്‍ഷത്തേക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശ ലംഘനമാണെന്നും പി.ബി. വ്യക്തമാക്കി.

ശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന സമിതിയുടെ ശുപാര്‍ശ പദ്ധതിയുടെ ഉദേശത്തെ തന്നെ പരാജയപ്പെടുത്തുന്നു. ഇടക്കാല സര്‍ക്കാരിന്റെ കാലയളവ് അവസാനിക്കുമ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സമിതി പറയുന്നതെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

വികേന്ദ്രീകൃത തീരുമാനങ്ങളെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എതിരാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും പി.ബി പറഞ്ഞു. കോവിന്ദ് സമിതിയുടെ മുഴുവന്‍ നിര്‍ദേശങ്ങളും ഒരു തരത്തില്‍ അസംബന്ധമാണെന്നും പി.ബി ചൂണ്ടിക്കാട്ടി.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ ഈ അവകാശത്തെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പി.ബി പറഞ്ഞു.

ഒരു നേതാവിന് കീഴിലുള്ള കേന്ദ്രീകൃത-ഏകീകൃത രാഷ്ട്രം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പിയുടെ ആശയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി. ബില്‍ നടപ്പിലാക്കാനുള്ള ഭരണഘടനാ ഭേദഗതിയെ സി.പി.ഐ.എം ശക്തമായി എതിര്‍ക്കുമെന്നും പി.ബി അറിയിച്ചു.

രാജ്യത്തെ തകര്‍ക്കാനുള്ള ഈ നീക്കത്തെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കേന്ദ്രത്തിന്റെ നീക്കത്തെ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.

ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി അംഗീകരിച്ചത്. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Content Highlight: CPIM Polit Bureau strongly opposes ‘One Country One Election’ plan