| Monday, 14th September 2020, 7:50 pm

ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയത് പിന്‍വലിക്കണം; അക്രമം നടത്തിയ ബി.ജെ.പി നേതാക്കളെ കേന്ദ്രം സംരക്ഷിക്കുന്നുവെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എ.പി.എ ചുമത്തി ജെ.എന്‍.യു മുന്‍വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

യു.എപി.എ.യുടെ വ്യവസ്ഥകള്‍ പ്രകാരം ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണ്. സമാനമായി യു.എ.പി.എ ചുമത്തി നതാഷ നര്‍വാള്‍, ദേവംഗന കലിത (ജെ.എന്‍.യു), കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ജാമിയ വിദ്യാര്‍ത്ഥികളായ മീരന്‍ ഹൈദര്‍, ആര്‍.ജെ.ഡി യുവനേതാവ്, ആസിഫ് തന്‍ഹ, സഫൂറ സാഗര്‍, ഗള്‍ഫിഷ ഫാത്തിമ, ഷിഫ്ര്‍ -ഉല്‍-റഹ്മാന്‍ എന്നിവരെ തടവിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയും അക്രമത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ യുവനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ് സര്‍ക്കാരെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ആഭ്യന്തര മന്ത്രാലയവും ദല്‍ഹി പൊലീസും പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ സാമുദായികപരമായി ചിത്രീകരിക്കുന്നു. അക്രമം നടത്തിയെന്ന ആരോപണത്തിന് യാതൊരു തെളിവും ലഭിക്കാതെയാണ് ഈ അറസ്റ്റ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് ഇത്തരം അറസ്റ്റുകളെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നിരന്തര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. ഇനിയും നിയമത്തിനെതിരെ ശക്തമായ പ്രതിപക്ഷമായി തന്നെ പാര്‍ട്ടി നിലകൊള്ളും. ദല്‍ഹി കലാപത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു- പ്രസ്താവനയില്‍ വ്യക്തമാക്കി.

ദല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേകം കമ്മിറ്റി രൂപീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്തി യഥാര്‍ഥ പ്രതികളെ ശിക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

ദല്‍ഹി കലാപ കേസിലാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഉമര്‍ ഖാലിദിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും തിങ്കളാഴ്ച ദല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  cpim polit bureau condemns uapa arrests

We use cookies to give you the best possible experience. Learn more