ന്യൂദല്‍ഹി: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങളെ അപലപിച്ച് സി.പി.ഐ.എം. ഇസ്രാഈലിന്റെ ഇത്തരം നടപടികളെ അപലപിക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘ഇസ്രാഈല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസാര രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഈ കൊവിഡ് മഹാമാരിയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയത്തെ മറച്ചുവെക്കാനുമാണ് ഈ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇസ്രാഈലില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനം, ഇസ്രാഈല്‍ പിന്തുടരുന്ന വര്‍ണ്ണവിവേചന നയങ്ങളെ പ്രതിഫലിപ്പിക്കുന്നു,’ സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.
ഇസ്രാഈലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങള്‍ക്കെതിരാണെന്നും സി.പി.ഐ.എം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘അതിനാല്‍ സി.പി.ഐ.എം ഈ നടപടികളെ അപലപിക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു,’ പ്രസ്താവനയില്‍ പറയുന്നു.
വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.
ഇസ്രാഈലിന്റെ ജറുസലേം പതാക ദിനത്തിന്റെ ഭാഗമായി പ്രദേശത്ത് വര്‍ഷാവര്‍ഷം നടത്തുന്ന റാലി ഈ വര്‍ഷവും നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ് തിങ്കളാഴ്ച സംഘര്‍ഷം ശക്തമാകാന്‍ കാരണമായത്.
1967ല്‍ കിഴക്കന്‍ ജറുസലേം പിടിച്ചടുക്കിയതിന് ശേഷമാണ് ഇസ്രാഈല്‍ ജറുസലേം പതാക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഫലസ്തീനികളെ പുറത്താക്കിക്കൊണ്ട് ജറുസലേമില്‍ ഇസ്രാഈല്‍ നടത്തിയ അധിനിവേശത്തിനെതിരെ അന്ന് മുതല്‍ തന്നെ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ഫലസ്തീന്‍ ഇസ്രാഈല്‍ സംഘര്‍ഷത്തിലെ പ്രധാന ഘടകമാണ് ഈ അധിനിവേശം.
കിഴക്കന്‍ ജറുസലേമില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇസ്രാഈല്‍ നടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു മാസത്തോളമായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ഫലസ്തീനികളെയാണ് ഇസ്രാഈല്‍ അറസ്റ്റ് ചെയ്തത്.
ഇസ്രാഈല്‍ സേന നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക