ന്യൂദല്‍ഹി: മന്ത്രിമാരെ ഭീഷണിപ്പെടുത്തിയുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. ഗവര്‍ണര്‍ അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ പദവിയില്‍ ഇല്ല. ഏറ്റവും ഒടുവിലായി ഗവര്‍ണര്‍ ഓഫീസിന്റെ അന്തസിനെ താഴ്ത്തുന്ന തരത്തില്‍ ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്നിട്ടുള്ള പ്രസ്താവന, ഗവര്‍ണര്‍ക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയെ പിരിച്ചുവിടാമെന്ന് പറയുന്നതിന് തുല്യമാണെന്നും പി.ബി. പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നില്ല. ട്വീറ്റിലൂടെ ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനോടുള്ള ഗവര്‍ണറുടെ വിദ്വേഷവും ഇതിലൂടെ വ്യക്തമാണ്. കേരളാ ഗവര്‍ണര്‍ ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നത് തടയാന്‍ അടിയന്തിരമായി രാഷ്ട്രപതി ഇടപെടണമെന്നും സി.പി.ഐ.എം പി.ബി. പ്രസ്താവനയില്‍ പറഞ്ഞു.