| Saturday, 3rd February 2018, 8:45 am

തെരഞ്ഞെടുപ്പ് ബോണ്ട് ഭരണാഘടനാവിരുദ്ധമെന്ന് സി.പി.ഐ.എം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്ട്രല്‍ ബോണ്ട് സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.ഐ.എം. സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണമാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു.

കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് വിജ്ഞാപനം കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കുമെന്നും കള്ളപ്പണ കൈമാറ്റം തടയുമെന്നും അവകാശപ്പെട്ടാണ് തെരഞ്ഞെടുപ്പ് ബോണ്ട് നടപ്പാക്കുന്നത്.

ഇത് കൃത്യമായ പരിശോധന ഒഴിവാക്കിയുള്ള സംഭാവനാരീതിക്ക് വഴിയൊരുക്കുമെന്ന് ഹര്‍ജിയില്‍ പറഞ്ഞു. സമാനമായ മറ്റ് ഹര്‍ജികള്‍ക്കൊപ്പം സി.പി.ഐ.എമ്മിന്റെ ഹര്‍ജിയും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അറിയിച്ചു.

തെരഞ്ഞെടുപ്പ് ബോണ്ട് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ഏകപക്ഷീയവും അവ്യക്തവും അറിയാനുള്ള മൗലികാവകാശത്തിന് വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

“റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച “കെവൈസി” പ്രകാരം ബോണ്ടുകള്‍ വാങ്ങാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കള്ളപ്പണം സംഭാവനയായി നല്‍കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സാധിക്കില്ല. 2013ലെ കമ്പനി നിയമത്തിന്റെ ഭേദഗതിക്കുശേഷം കോര്‍പറേറ്റുകള്‍ ഏത് പാര്‍ടികള്‍ക്കാണ് സംഭാവന നല്‍കുന്നതെന്ന വിവരം പുറത്തുവിടേണ്ടതില്ല. സംഭാവനയുടെ പരിധിയും എടുത്തുകളഞ്ഞു.”

2017 ലെ ഫിനാന്‍സ് ആക്ടിലെ 11, 135, 137, 154 ഭാഗങ്ങളും വ്യവസ്ഥകളും കമ്പനി നിയമഭേദഗതിയും തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച് 2018 ജനുവരി ഒന്നിന് പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ യെച്ചൂരി ആവശ്യപ്പെട്ടു.

2017-18 ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രഖ്യാപനമാണ് ഒരു വര്‍ഷത്തിനകം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസമാഹരണം കൂടുതല്‍ സുതാര്യമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

We use cookies to give you the best possible experience. Learn more