ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ബദിയാറു ജടാധാരി ദേവസ്ഥാനത്തെ വിലക്ക് ലംഘിച്ച് പി.കെ.എസ്, സി.പി.ഐ.എം നേതാക്കള്‍
Kerala News
ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ബദിയാറു ജടാധാരി ദേവസ്ഥാനത്തെ വിലക്ക് ലംഘിച്ച് പി.കെ.എസ്, സി.പി.ഐ.എം നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th November 2021, 5:32 pm

കാസര്‍ഗോഡ്: ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച പെര്‍ള സ്വര്‍ഗയിലെ ബദിയാറു ജടാധാരി ദേവസ്ഥാനത്തെ 18 പടികളില്‍ പട്ടികജാതി ക്ഷേമസമിതി നേതാക്കള്‍ പ്രവേശിച്ചു.

പട്ടികജാതി ക്ഷേമസമിതി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.കെ. പണിക്കര്‍ ,സെക്രട്ടറി ബി.എം. പ്രദീപ്, ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ കൊക്കല്‍, ഏരിയ സെക്രട്ടറി സദാനന്ദ ഷേണി, സി.പി.ഐ.എം കാട്ടുകുക്കെ ലോക്കല്‍ സെക്രട്ടറി അഡ്വ. ചന്ദ്രമോഹന്‍, മുഖ്യ പരാതിക്കാരനായ കൃഷ്ണ മോഹന പൊസലിയ, എസ്.എഫ്.ഐ കാട്ടുകുക്കെ ലോക്കല്‍ സെക്രട്ടറി എസ്. ഗിരീഷ് എന്നിവരാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

ഭട്ട് സമുദായക്കാരാണ് ബദിയാറു ജടാധാരി ക്ഷേത്ര നടത്തിപ്പുകാര്‍. ഇവരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പൊതുവഴിയിലൂടെ ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.

ദളിതരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നതിനാല്‍ മുഖ്യകവാടം മൂന്നുവര്‍ഷമായി ക്ഷേത്രം നടത്തിപ്പുകാര്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതിനാല്‍ പുറത്തെ വഴിയിലൂടെയാണ് നേതാക്കള്‍ അകത്തുയറിയത്.

എന്‍മകജെ പഞ്ചായത്തിലാണ് ദേവസ്ഥാനം നിലകൊള്ളുന്നത്. ഇതിന്റെ നടത്തിപ്പുകാരെല്ലാം ബി.ജെ.പി കുടുംബത്തില്‍പ്പെട്ടവരാണെന്നാണ് പി.കെ.എസ് പറയുന്നത്.

ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമുള്ള നടവഴിയിലൂടെ ദളിതരെയും പ്രവേശിപ്പിക്കുക, കാണിക്ക നേരിട്ട് നല്‍കാന്‍ അനുമതി നല്‍കുക, ഉത്സവസമയത്ത് ജാതി പേര് വിളിച്ചുള്ള ഭക്ഷണവിതരണം അവസാനിപ്പിക്കുക, എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടിലെ ദളിത്, സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM PKS Leaders enteres badiyaru jadaadhaari devasthanam