കണ്ണൂര്‍: പേരാവൂര്‍ ഹൗസിംഗ് സൊസൈറ്റി തട്ടിപ്പില്‍ വിശദീകരണവുമായി സി.പി.ഐ.എം. നിക്ഷേപകര്‍ക്ക് പണം മുഴുവന്‍ തിരികെ ലഭിക്കും വരെ പാര്‍ട്ടി ഒപ്പമുണ്ടാകുമെന്ന് സി.പി.ഐ.എം പേരാവൂര്‍ ഏരിയ കമ്മിറ്റി അറിയിച്ചു.
പണം മുഴുവന്‍ തിരികെ നല്‍കും. ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കില്ല. സൊസൈറ്റിയുടെ ആസ്തി വിറ്റും ക്രമക്കേട് നടത്തിയ ജീവനക്കാരില്‍ നിന്ന് പണം ഈടാക്കിയും പണം തിരികെ നല്‍കുമെന്ന് സി.പി.ഐ.എം അറിയിച്ചു.
അതേസമയം ക്രമക്കേടില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സംഘടനാ നടപടിയും നിയമനടപടിയും സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിട്ടി തുക വകമാറ്റി ചെലവഴിച്ചെന്ന് മനസിലായി. ഭരണസമിതിയ്ക്കും ജീവനക്കാര്‍ക്കും വീഴ്ചയുണ്ടായി. ചിട്ടി നടത്തിയത് സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
പേരാവൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ക്രമക്കേടുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ കടുത്ത നടപടിയിലേക്ക് ജില്ലാ നേതൃത്വം നീങ്ങുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
പേരാവൂര്‍ സഹകരണ ആശുപത്രി സൊസൈറ്റി, കൊളക്കാട് സര്‍വീസ് സഹകരണ ബാങ്ക്, കള്ള് ചെത്ത് തൊഴിലാളി സഹകരണസംഘം, സഹകരണ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളും ആരോപണങ്ങളും പാര്‍ട്ടിക്ക് ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.