| Wednesday, 21st April 2021, 9:10 am

പുതിയ വാക്സിന്‍ നയം കോടിക്കണക്കിന് ആളുകള്‍ക്ക് അവസരം നിഷേധിക്കും; സാര്‍വത്രിക വാക്‌സിനേഷന്‍ വേണമന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര സ്ഥിതി നേരിടാന്‍ സാര്‍വത്രിക ബൃഹത് വാക്‌സിനേഷന്‍ പരിപാടിയാണ് വേണ്ടതെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ.

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം അവര്‍ സൃഷ്ടിച്ച ഗുരുതര ആരോഗ്യ സാഹചര്യത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറുന്നതിനാണെന്നും എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ശ്രമമെന്നും പി.ബി കുറ്റപ്പെടുത്തി. വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കാതെ വില്‍പ്പന ഉദാരമാക്കുന്നതും വില നിയന്ത്രണം എടുത്തുകളയുന്നതുമാണ് പുതിയ നയമെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ വാക്‌സിന്‍ നയത്തില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ഉയര്‍ന്ന വില കാരണം വാക്‌സിന്‍ വാങ്ങാനാകാത്ത സാഹചര്യമുണ്ടാക്കുമെന്നും കാര്യക്ഷമമായ അളവില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഒരു വര്‍ഷത്തിനിടെ കേന്ദ്രം നടപടിയെടുത്തില്ലെന്നും സി.പി.ഐ.എം പറഞ്ഞു.

പുതിയ നയം അനുസരിച്ച് പൊതുവിപണിയില്‍നിന്ന് സംസ്ഥാനങ്ങള്‍ പണംകൊടുത്ത് വാങ്ങണം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കാം. ഇതോടെ വലിയവിഭാഗം ജനത വാക്സിന്‍ പ്രക്രിയക്ക് പുറത്താകുമെന്നും പി.ബി പറഞ്ഞു.

വാക്‌സിന്‍ വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കണം. ബൃഹത്തായ വാക്സിന്‍യജ്ഞം എപ്പോഴും സൗജന്യവും സാര്‍വത്രികവുമാകണം. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും വിവേചനപരവും തുല്യാവസരം നിഷേധിക്കുന്നതുമായ വാക്സിന്‍ നയത്തെ നിശിതമായി അപലപിക്കുന്നുവെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM PB statement on vaccination policy

We use cookies to give you the best possible experience. Learn more