ന്യൂദല്‍ഹി: ഫലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രഈല്‍ സേനയും ഇസ്രഈലിനെതരെ ഫലസ്തീന്‍ സംഘടനയായ ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും ശക്തമായി അപലപിക്കുന്നുവെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. സംഘര്‍ഷം ഉടനടി അവസാനിപ്പിക്കുന്നത് ഉറപ്പാക്കി യു.എന്‍ പ്രമേയം നടപ്പിലാക്കാന്‍ ഐക്യരാഷ്ട്രസഭയും ഇന്ത്യന്‍ സര്‍ക്കാരും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും പ്രവര്‍ത്തിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി മനുഷ്യജീവനുകള്‍ ഇതിനോടകം തന്നെ പ്രദേശത്ത് നഷ്ടപ്പെട്ടുകഴിഞ്ഞു. സാഹചര്യം രൂക്ഷമാകുന്നതോടെ മരണങ്ങളും ദുരിതങ്ങളും വര്‍ധിക്കും.
ഇപ്പോള്‍ നടക്കുന്ന ഈ ഏറ്റുമുട്ടല്‍ അടിയന്തിരമായി അവസാനിപ്പിക്കണം.
ഇസ്രായേലിലെ തീവ്ര വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ ഫലസ്തീന്‍ ഭൂമി കൈയ്യേറുകയും വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ തന്നെ 40 കുട്ടികളടക്കം 248 ഫലസ്തീന്‍കാരുടെ ജീവനാണ് ഈ വര്‍ഷം മാത്രം നഷ്ടപ്പെട്ടത്.
അനധികൃത കുടിയേറ്റങ്ങളില്‍ നിന്നും കയ്യേറിയ ഫലസ്തീനിലെ ഭൂമിയില്‍ നിന്നും ഇസ്രഈല്‍ പിന്‍വാങ്ങലും ഫലസ്തീന്‍ ജനതയുടെ സ്വന്തം ഭൂമിക്കായുള്ള നിയമാനുസൃതമായ അവകാശവും ഐക്യരാഷ്ട്രസഭ ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണം. യു.എന്‍ പ്രമേയത്തിന് അനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള ഫലസ്തീന്‍ സാധ്യമാകണമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.