| Tuesday, 16th June 2020, 6:50 pm

ലഡാക്ക് അതിര്‍ത്തിയില്‍ എന്താണ് നടന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം; ഏറ്റുമുട്ടല്‍ നിര്‍ഭാഗ്യകരമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആധികാരിക പ്രസ്താവന ഇറക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. യഥാര്‍ഥ നിയന്ത്രണരേഖയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രക്രിയ പുരോഗമിക്കവെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടലുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും സി.പി.ഐ.എം പറഞ്ഞു.

‘ഇരുപക്ഷത്തെയും ഉന്നത കമാന്‍ഡര്‍മാര്‍ ജൂണ്‍ ആറിനു തമ്മില്‍ കാണുകയും സേനാപിന്മാറ്റ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തശേഷമാണ് ഇതു സംഭവിച്ചത്. ഇരുപക്ഷത്തും ആള്‍നാശം റിപ്പോര്‍ട്ട് ചെയ്യുന്നു’

ഇന്ത്യന്‍ കേണലിന്റെയും രണ്ട് സൈനികരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പി.ബി അറിയിച്ചു.

സംഘര്‍ഷത്തിനു അയവുവരുത്താന്‍ സംഭവസ്ഥലത്ത് ഇരുപക്ഷത്തെയും സൈനിക അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കരസേന പ്രസ്താവിച്ചിട്ടുണ്ട്. ഇതുവഴി സമാധാനം ഉറപ്പാക്കണം.

അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താനായി അംഗീകരിക്കപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ ഇരുസര്‍ക്കാരുകളും ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും സേനപിന്മാറ്റം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും പി.ബി വ്യക്തമാക്കി.

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അടിയന്തര ചര്‍ച്ച നടത്തി.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975 ന് ശേഷം സൈനികരുടെ മരണം ഇതാദ്യമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more