| Tuesday, 18th August 2020, 12:26 pm

ഫേസ്ബുക്ക്-ബി.ജെ.പി ബന്ധം; സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധം സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്കിന്റെ പ്രത്യേകിച്ച് ഇതിന്റെ ഇന്ത്യയിലെ നയവിഭാഗത്തിന്റെ പങ്ക് അപലപനീയമാണെന്ന് സി.പി.ഐ.എം പറഞ്ഞു.

‘വര്‍ഗീയവിദ്വേഷ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സ്വന്തം മാനദണ്ഡങ്ങള്‍പോലും ഫേസ്ബുക്ക് പാലിക്കുന്നില്ല. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശരിയായി.’

ന്യൂയോര്‍ക്ക് ടൈംസ് 2018 ല്‍ നടത്തിയ അന്വേഷണം ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നു. ബി.ജെ.പി സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ നടത്തുന്ന നിക്ഷേപവും പ്രവര്‍ത്തനങ്ങളും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ പടര്‍ത്താന്‍ ഇതുവഴി ശ്രമിക്കുന്നതും പുറത്തായി.

റിലയന്‍സില്‍ ഈയിടെ ഫേസ്ബുക്ക് നടത്തിയ മുതല്‍മുടക്ക് കുത്തകവല്‍ക്കരണത്തെക്കുറിച്ചുള്ള ആശങ്ക സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍വഴി ബി.ജെ.പിക്ക് ലഭിക്കുന്ന വന്‍സമ്പത്ത് സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവരെ കൂടുതല്‍ സഹായിക്കുന്നു.

വര്‍ഗീയവിദ്വേഷ പ്രചാരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണം. സമൂഹമാധ്യമങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനം ആവിഷ്‌കരിക്കണനെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ജെ.പി.സി കണ്ടെത്തല്‍ വരുന്നതുവരെ, സര്‍ക്കാര്‍ വകുപ്പുകളോ തെരഞ്ഞെടുപ്പ് കമീഷന്‍പോലുള്ള ഭരണഘടന സ്ഥാപനങ്ങളോ ഫേസ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്നും പി.ബി നിര്‍ദേശിച്ചു.

അതേസമയം ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അങ്കി ദാസിനെതിരെ കേസെടുത്തു. റായ്പ്പൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ദല്‍ഹി കലാപത്തിലേക്കടക്കം നയിച്ച വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയാക്കി എന്ന് ചൂണ്ടിക്കാട്ടി റായ്പ്പൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ അവേഷ് തിവാരി നല്‍കിയ പരാതിയിലാണ് കേസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook BJP CPIM

We use cookies to give you the best possible experience. Learn more