ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പരാജയം വിലിരുത്താന്‍ വിളിച്ചുചേര്‍ത്ത സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് കനത്ത വിമര്‍ശനം. വോട്ട് ചോര്‍ച്ച മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നും വിശ്വാസ സമൂഹം പാര്‍ട്ടിയില്‍നിന്നകന്നെന്നും യോഗത്തില്‍ വിമര്‍ശനയമുയര്‍ന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, മത ന്യൂന പക്ഷങ്ങള്‍ അകന്നത് തിരിച്ചടിച്ചെന്ന് വാദമാണ് കേരളഘടകം മുന്നോട്ടുവച്ചത്.
കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് നയം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇത് തിരിച്ചടിക്ക് ഒരു കാരണമായെന്നും കേരള ഘടകം അഭിപ്രായപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗത വോട്ടില്‍ ചോര്‍ച്ചയുണ്ടായെന്നും പാര്‍ട്ടിക്കുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്നും ഘടകം പിബിയെ അറിയിച്ചു.
പശ്ചിമ ബംഗാളിലും ത്രിപുരയിലും നേരിട്ട തിരിച്ചടിയും യോഗം ചര്‍ച്ച ചെയ്തു. പശ്ചിമ ബംഗാളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായതും പാര്‍ട്ടി നാലാം സ്ഥാനത്തിയതും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇരു സംസ്ഥാനത്തും വോട്ട് വിഹിതം കുറഞ്ഞതും പരിശോധിക്കും.
പരാജയം സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോയില്‍ വച്ചു. യോഗം തിങ്കളാഴ്ചയും തുടരും. നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് മടങ്ങി.