ശബരിമല യുവതി പ്രവേശനം; നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
Sabarimala women entry
ശബരിമല യുവതി പ്രവേശനം; നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 9:50 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരു നിലപാടില്ലന്നും പി.ബി വ്യക്തമാക്കി.

ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ മാറ്റമില്ലെന്നും പി.ബി പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ വ്യക്തത വേണമെന്നും നിയമോപദേശം തേടണമെന്നും പി.ബി യോഗം വ്യക്തമാക്കി.

അതേസമയം ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ സമീപിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. രാഷ്ട്രീയമായ തിരിച്ചടികള്‍ ഉണ്ടാക്കുന്ന നീക്കങ്ങള്‍ വേണ്ടെന്നാണ് സര്‍ക്കാരില്‍ ധാരണയെന്നാണ് സൂചനകള്‍.

ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കില്ലെന്നു നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൊലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്കു കൊണ്ടുപോകില്ല. സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍ പോലും രണ്ടുതട്ടിലാണു പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരു കൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്നു മറ്റൊരു കൂട്ടര്‍.

സ്വാഭാവികമായും സുപ്രീം കോടതി തന്നെ അതുസംബന്ധിച്ചു വ്യക്തത നല്‍കേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ചു തീരുമാനിക്കും. ആക്ടിവിസ്റ്റുകള്‍ക്കു കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇതെന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല.” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് ഇന്ന് തിരിച്ചയച്ചിരുന്നു. ആന്ധ്ര വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ മൂന്ന് പേരെയാണ് തിരിച്ചയച്ചത്.പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി.

വനിതാ പൊലീസ് ആധാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും മറ്റുള്ളവരെ ആധാര്‍ പരിശോധിച്ച ശേഷം 50 വയസിന് മുകളില്‍ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു.

DoolNews Video