സാമൂഹിക അസമത്വത്തിന് വിഴിയൊരുക്കും; വിദേശ സര്‍വകലാശാലാ ക്യാമ്പസുകള്‍ക്ക് അനുമതി നല്‍കാനുള്ള യു.ജി.സി നീക്കത്തിനെതിരെ സി.പി.ഐ.എം പി.ബി
national news
സാമൂഹിക അസമത്വത്തിന് വിഴിയൊരുക്കും; വിദേശ സര്‍വകലാശാലാ ക്യാമ്പസുകള്‍ക്ക് അനുമതി നല്‍കാനുള്ള യു.ജി.സി നീക്കത്തിനെതിരെ സി.പി.ഐ.എം പി.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 9:22 pm

ന്യൂദല്‍ഹി: വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും രാജ്യത്ത് ക്യാമ്പസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാനായി യു.ജി.സി പുറപ്പെടുവിച്ച കരട് മാര്‍ഗനിര്‍ദേശങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. യു.ജി.സിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ, ദേശാഭിമാന ശക്തികളും രംഗത്തുവരണമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

അപേക്ഷിച്ച് 90 ദിവസത്തിനകം അംഗീകാരം കിട്ടുന്ന സ്ഥാപനങ്ങള്‍ക്ക് ഫീസ് നിര്‍ണയിക്കാനും അധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം ലഭിക്കുന്ന വിധത്തിലാണ് കരട് നിര്‍ദേശങ്ങള്‍. കനത്ത ഫീസുള്ള വരേണ്യവര്‍ഗ സ്ഥാപനങ്ങള്‍ രൂപംകൊള്ളാനും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഘടന കൂടുതല്‍ ദുഷിക്കാനും ഇത് വഴിയൊരുക്കും.

രാജ്യത്തെയും വിദേശത്തെയും വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് സ്വന്തം മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നിര്‍ദേശം. ഫീസിന് പരിധിയൊന്നും വ്യവസ്ഥ ചെയ്യുന്നില്ല. രാജ്യാന്തര അതിര്‍ത്തി കടന്നുള്ള ഫണ്ടുകള്‍, വിദേശ കറന്‍സി അക്കൗണ്ടുകള്‍, പണമിടപാട് രീതികള്‍, പണം അയക്കല്‍, വരവ് എന്നിവയ്ക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനം ഇടയാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ അധികൃതരുടെയും ഇത്തരം നയങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയിലെ പരമാധികാരം അട്ടിമറിക്കും. നേരത്തെ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് ഇത്തരം വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുകയും അവയ്ക്ക് ദേശീയ മികവിന്റെ കേന്ദ്രങ്ങള്‍ പദവി ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ സംഭവങ്ങള്‍ പൊതുമണ്ഡലത്തില്‍ വന്നിട്ടില്ല. പുതിയ വിദ്യാഭ്യാസ നയവും കൊവിഡിനെ തുടര്‍ന്നുള്ള അതിരുവിട്ട ഓണ്‍ലൈന്‍ അധ്യയനവും ചേര്‍ന്ന് തലതിരിഞ്ഞ നിലയിലാണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം.

കോളേജുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും വിദ്യാര്‍ഥികള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് എല്ലാ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. സാമ്പത്തിക, സാമൂഹിക അസമത്വം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തരണംചെയ്യാന്‍ നിര്‍ദ്ദിഷ്ട നീക്കം പര്യാപ്തമല്ലെന്നും സി.പി.ഐ.എം പറഞ്ഞു.

കരട് നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുടെ സംഘടനകളുമായും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാരും യു.ജി.സിയും തയ്യാറാകണം. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്താതെ യു.ജി.സി ഏകപക്ഷീയമായി നീങ്ങരുതെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

Content Highlight:  CPIM PB against UGC move to grant permission to foreign university campuses