ന്യൂദല്‍ഹി: ഭരണഘടനാ ദിനമായ നവംബര്‍ 26ന് ‘ഇന്ത്യ; ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വിഷയത്തിലൂന്നി രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കണമെന്ന യു.ജി.സി അജണ്ടക്കെതിരെ സി.പി.ഐ.എം. സെമിനാറിലെ വിഷയങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ പറഞ്ഞു.
ആര്‍.എസ്.എസ്, ബി.ജെ.പി അജണ്ട അടിച്ചേല്‍പിക്കുന്നതിനാണ് സെമിനാറുകള്‍ നടത്താന്‍ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളെ പ്രോത്സാഹിപ്പക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍മാര്‍ക്ക് യു.ജി.സി കത്തയച്ചതെന്നും സി.പി.ഐ.എം ആരോപിച്ചു. യു.ജി.സി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ഗവര്‍ണര്‍മാര്‍ക്ക് എഴുതിയ കത്ത് പിന്‍വലിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
പുരാതന ഇന്ത്യയില്‍ ഏകാധിപത്യമോ രാജവാഴ്ചയോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും യു.ജി.സി ചെയര്‍മാന്‍ അവകാശപ്പെട്ടത് പരിഹാസ്യമാണ്. വര്‍ണാശ്രമവും ജാതി അധിഷ്ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യന്‍ സാഹചര്യത്തെ മറച്ചുവെക്കുന്നതാണ് ഈ നിലപാടെന്നും സി.പി.ഐ.എം ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കാനും ശാസ്ത്രാവബോധവും യുക്തിചിന്തയും നശിപ്പിക്കാനുമുള്ള ഉപകരണമാക്കുക എന്ന ലക്ഷ്യമാണ് തുറന്നുകാട്ടപ്പെട്ടത്. ഈ നീക്കം അവസാനിപ്പിക്കാന്‍ എല്ലാ ജനാധിപത്യ സംഘടനകളും വ്യക്തികളും ഒപ്പം ചേരണമെന്നും സി.പി.ഐ.എം പി.ബി അഭ്യര്‍ഥിച്ചു.
ആധുനിക വിദ്യാഭ്യാസത്തിന്റെ ആശയങ്ങളുമായി ബന്ധമുള്ള ഒരു സ്വയംഭരണ ഏജന്‍സിയല്ല, മറിച്ച് ഹിന്ദുത്വ ബ്രിഗേഡിന്റെ കൈത്താങ്ങായി യു.ജി.സി മാറുകയാണെന്ന് കത്ത് കാണിക്കുന്നതായി ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമന്‍സ് അസോസിയേഷനും (എ.ഐ.ഡി.ഡബ്ലു.എ) ആരോപിച്ചു.
അതേസമയം, രാജ്യത്ത് ജനാധിപത്യം വേദകാലം മുതല്‍ നിലനിന്നിരുന്നുവെന്ന ആശയം ഉയര്‍ത്തിക്കാണിക്കാനായി ഭരണഘടനാ ദിനമായ നവംബര്‍ 26ന് ‘ഇന്ത്യ; ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വിഷയത്തില്‍ യൂണിവേഴ്സിറ്റികളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കണമെന്നാണ് യു.ജി.സി നിര്‍ദേശം.
യൂണിവേഴ്സിറ്റികളില്‍ സെമിനാര്‍ നടത്താനായി 15 വിഷയങ്ങള്‍ യു.ജി.സി നല്‍കിയിട്ടുണ്ട്. കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലും ഭഗവത് ഗീതയിലുമുള്ള ആദര്‍ശവാനായ രാജാവ്, ഇന്ത്യയുടെ ലോക് തന്ത്ര (സ്വയംഭരണം), ജനാധിപത്യത്തിന്റെ തുടക്കക്കാരായ ഹാരപ്പന്‍സ്, ഖാപ് പഞ്ചായത്തുകളുടെ ജനാധിപത്യ പാരമ്പര്യം തുടങ്ങിയ വിഷയങ്ങളാണ് അതില്‍ പ്രധാനപ്പെട്ടവ.
നവംബര്‍ 26ന് പുറമേ നവംബര്‍ 15 മുതല്‍ 30 വരെ യൂണിവേഴ്സിറ്റികളില്‍ പ്രത്യേക സെമിനാറുകള്‍ സംഘടിപ്പിക്കാനും യു.ജി.സി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് 45ല്‍ അധികം കേന്ദ്ര സര്‍വകലാശാലകള്‍ക്കും 45 ഡീംഡ് സര്‍വകലാശാലകള്‍ക്കും യു.ജി.സി ചെയര്‍മാന്‍ കത്തയച്ചിരുന്നു.
ഈ വിഷയങ്ങളില്‍ സെമിനാര്‍ നടത്താനായി യൂണിവേഴ്സിറ്റികളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ജി.സി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചിരുന്നു.
‘ഭാരതത്തിലെ ജനാധിപത്യ സംവിധാനങ്ങള്‍ വേദകാലം മുതല്‍ പരിണമിച്ച് വരുന്നതാണ്. അടുത്തകാലത്ത് നടന്ന പുരാവസ്തു പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന് 5,000 ബി.സി മുതലുള്ള ചരിത്രമുണ്ടെന്നാണ്.
ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഭരണരീതി ജനാധിപത്യമായിരുന്നു എന്നാണ്. രാജവാഴ്ചയായിരുന്നു നിലനിന്നിരുന്നത് എന്നത് പൊതുധാരണ മാത്രമാണ്,’ എന്നാണ് യു.ജി.സി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ അയച്ച കത്തില്‍ പറയുന്നത്.
ഇ നീക്കത്തിന്റെ ഭാഗമായി 30 എഴുത്തുകാരുടെ 30 അധ്യായങ്ങളടങ്ങിയ ‘ഭാരത്: ലോക് തന്ത്രാ കി ജനനി’ എന്ന പുസ്തകം പുറത്തിറക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചും (ഐ.സി.എച്ച്.ആര്‍) അറിയിച്ചിട്ടുണ്ട്.