| Wednesday, 12th October 2022, 8:12 pm

ഭഗവല്‍ സിങ് പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ല, പിന്നെങ്ങനെ അയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കും: സി.പി.ഐ.എം പത്തനംതിട്ട ഏരിയ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിങ് പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ലെന്ന് സി.പി.ഐ.എം. ഇത്തരമൊരു സാഹചര്യത്തില്‍ പിന്നെ എങ്ങനെ അയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍. പ്രദീപ് ചോദിച്ചു.

ഭഗവല്‍ സിങ് സി.പി.ഐ.എം അനുഭാവിയായിരുന്നു. നേരത്തെ ചില പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, പു.ക.സ എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞെന്നും പ്രദീപ് പറഞ്ഞു.

ഭഗവല്‍ സിങ് സി.പി.ഐ.എം പ്രാദേശിക നേതാവാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായതോടെയാണ് സി.പി.ഐ.എം ഏരിയ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം, ഇലന്തൂരില്‍ നടന്ന നരബലിക്കെതിരെ സി.പി.ഐ.എം കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതും അതിനെതിരായി ശക്തമായ പോരാട്ടത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതുമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

ഇത്തരം സംഭവത്തെ കേവലം നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല. നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോള്‍ തന്നെ വിശാലമായ ബഹുജന മുന്നേറ്റവും ബോധവല്‍ക്കരണവും ഉയര്‍ന്നുവരണം. ഫ്യൂഡല്‍ മൂല്യങ്ങളും മുതലാളിത്ത മൂല്യങ്ങളും ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുവെക്കുന്ന സാംസ്‌കാരിക മൂല്യങ്ങളുമാണ് ഇത്തരം അനാചാരങ്ങളെ വളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നത്.

കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആരും ചിന്തിക്കാനിടയില്ല. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സി.പി.ഐ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

അതേസമയം, ഭഗവല്‍ സിങ് സി.പി.ഐ.എം അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ലെന്നും ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നരബലി ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഗം. കര്‍ശന നിലപാട് വേണം. ഇന്ത്യയിലെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൂജ കഴിക്കുന്നു. മുതലാളിത്തത്തിന്റേയും ഫ്യൂഡല്‍ ജീര്‍ണതയുടെയും സങ്കരമാണ് ഇന്ത്യയില്‍ കാണുന്നത്. ഇതിനെതിരെ കര്‍ശന ബോധവല്‍ക്കരണം വേണം.

നിയമ നിര്‍മാണം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാനാകില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിര്‍മാണത്തിന് സി.പി.ഐ.എമ്മിന് അനുകൂല നിലപാടാണുള്ളതെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Content Highlight: CPIM Pathanamthitta Area Secratery’s Reaction on Bhagaval singh’s party roles and fake news

We use cookies to give you the best possible experience. Learn more