സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത്? | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

ഒന്നുകില്‍ കളരിയ്ക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്റെ തലമണ്ടക്ക് എന്നു പറയും പോലെയാണ് നമ്മുടെ നാട്ടിലെ കൊവിഡ് മാനദണ്ഡങ്ങളുടെ കാര്യം. ഒരു വശത്ത് ശവമടക്കിന് പോലും മൃതദേഹത്തേയും കൂടെ കൂട്ടി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍, മറുവശത്ത് 500ലധികം ആളെ കൂട്ടി തിരുവാതിരയും മാര്‍ഗംകളിയുമൊക്കെയായി പാര്‍ട്ടി സമ്മേളനങ്ങള്‍.

The mega Thiruvathira, which saw 502 women in attendance, was held at CSI School ground in Cheruvarakonam.

ആരോഗ്യവകുപ്പ് ഇറക്കിയ നെടുനീളന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കൊക്കെ പൊതുവേ രണ്ട് രീതിയാണ് കണ്ടുവരുന്നത്. ഒന്ന്, കര്‍ശനമായ രീതി. രണ്ട്, തോന്നിയ രീതി. അതിലെ തോന്നീയ രീതി സി.പി.ഐ.എംക്കാര്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ളതാണ്. കാസര്‍ഗോഡും തൃശൂരും മാറ്റി വെക്കാനാവാത്ത സി.പി.ഐ.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

170ലധികം ആളുകളാണ് ഈ സേമ്മേളനങ്ങളിലെല്ലാം പങ്കെടുക്കുന്നത്. കാസര്‍ഗോഡ്, പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും, തൃശൂര്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരേപോലുള്ള സീനിയറായവരുടെ പിന്തുണ സമ്മേളനങ്ങള്‍ക്കുണ്ട്. ഇവര്‍ മാത്രമല്ല, പി. ജയരാജന്‍, എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ, ആനത്തലവട്ടം ആനന്ദന്‍ , ടി.പി രാമകൃഷ്ണന്‍, പി. കരുണാകരന്‍ തുടങ്ങിയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നത് എന്നൊക്കെയാണ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞത്.

ഈ രോഗവ്യാപനം കൂടി വരുന്ന സമയത്ത്, ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുമ്പോള്‍. ആദ്യം കൂട്ടം കൂടരുത് എന്ന് ഉത്തരവിട്ട കാസര്‍േഗാഡ് ജില്ലാ കളക്ടറ്, ഉത്തരവിറക്കി രണ്ട് മണിക്കൂര്‍ കഴിയും മുന്നേ അത് പിന്‍വലിച്ച് സമ്മേളനം നടത്താന്‍ സി.പി.ഐ.എമ്മിന് അനുവാദം കൊടുത്തു. അതെ കളക്ടറായാല്‍ ഇങ്ങനെ തന്നെ വേണം. ‘പാര്‍ട്ടീ സമ്മേളനത്തില്‍ പങ്കെടുത്തിട്ടല്ലല്ലോ മമ്മൂട്ടിക്ക് കൊവിഡ് വന്നത്’ എന്നായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി. അതെ നല്ല അടിപൊളി മറുപടി

ഇതൊക്കെ കാണുമ്പോഴാണ്, കൊവിഡ് വന്ന് തുടങ്ങിയ സമയത്ത് സര്‍ക്കാര്‍ കാണിച്ചിരുന്ന ആ ശുഷ്‌കാന്തിയെ കുറിച്ച് ഓര്‍ത്ത് പോകുന്നത്. അതൊക്കെയായിരുന്നു കാലം… കൃത്യം വൈകീട്ട് ആറ് മണിക്ക് ഓണ്‍ലൈന്‍ ക്ലാസ്സിന് പോകാന്‍ മടി കാണിക്കുന്ന കുട്ടികള്‍ മുതല്‍, മണ്ണെണ്ണ പാട്ടയും കൊണ്ട് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കാന്‍ പോയ യുട്യൂബേഴ്‌സ് വരെ വളരെ ക്ഷമയോടെ മുഖ്യമന്ത്രി പറയുന്ന കൊവിഡ് കണക്കുകളും മറ്റ് നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ ഒരുമിച്ച് കൂടും, കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കും, അനാവശ്യമായി പുറത്ത് ഇറങ്ങില്ല, കല്ല്യാണവും പാര്‍ട്ടി മീറ്റിങ്ങുകളുമൊക്കെ ഒണ്‍ലൈന്‍ വഴിയാക്കി, സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം, മുഖ്യമന്ത്രിയുടെ ദുരിദാശ്വാസഫണ്ടിലേക്ക് സംഭാവനകള്‍, കെ.കെ ഷൈലജയുടെ സമയോചിതമായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും…

അതൊക്കെ ഇനി ‘മാവേലി നാടുവാണീടും കാലം’ എന്നൊക്കെ പറയും പോലെ ‘ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാര്‍ നയിച്ച കാലം’ എന്ന് പറഞ്ഞ് അയവിറക്കേണ്ട അവസ്ഥയാണ്.

അന്ന് ഭരണപക്ഷം ജനങ്ങളോട് കാണിച്ചിരുന്ന ഒരു ഉത്തരവാദിത്ത്വവും സ്‌നേഹവും കടമയുമൊക്കെ മാതൃകാപരമായിരുന്നു. അന്ന് പഴവും പാലും വാങ്ങാന്‍ പോയതിനും, കാമുകിയെ കാണാന്‍ പോയതിനും കേരളാ പോലിസിന്റെ തല്ലുകൊള്ളേണ്ടി വന്ന ആളുകളുണ്ടായിരുന്നു എങ്കിലും, എല്ലാവര്‍ക്കും ഒന്നിച്ചു നിന്ന് കൊവിഡിനെ എതിര്‍ക്കാന്‍ ഒരു ഉത്സാഹം ഒക്കെ ഉണ്ടായിരുന്നു. ഹാ! അത് അന്ത കാലം ! ഇത് ഇന്ത കാലം!

ഇന്നിപ്പോള്‍ കോവിഡ് പ്രതിരോധത്തിന് ജില്ലകളെ സജ്ജമാക്കുന്നത്, സി.പി.ഐ.എം സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനിരിക്കുന്ന ജില്ല എന്ന തരത്തിലാണല്ലോ. പണ്ട് സാമുഹിക അകലം പാലിച്ചാല്‍ കൊവിഡ് വ്യാപനം തടയാം എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കില്‍, ഇപ്പോള്‍ പറയുന്നത് തമ്മില്‍ തമ്മില്‍ കൂട്ടിമുട്ടാതെയുള്ള തിരുവാതിര കളിച്ചാല്‍ കൊവിഡ് വ്യാപനം തടയാം എന്നാണ്.

പാറശ്ശാലയിലെ തിരുവാതിരയ്ക്ക് അത്രമാത്രം വിമര്‍ശനങ്ങള്‍ കിട്ടിയിട്ടും, വീണ്ടും തൃശൂര് തിരുവാതിര ആവര്‍ത്തിച്ചതും, ഗാനമേള നടത്തിയതും, കൂടിയിട്ടും കൂടിയിട്ടും തീരാത്ത സമ്മേളനങ്ങളും, എല്ലാം സര്‍ക്കാരിന്മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കൂട്ടാന്‍ ഒരു മുതല്‍ക്കൂട്ടായിട്ടുണ്ട്.

‘എല്ലാം അടച്ചിടണം, ഇല്ലെങ്കില്‍ ഒരു നിയന്ത്രണവും വേണ്ട എന്നീ രണ്ടു നിലപാടും ശരിയല്ല. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നതാണ് ശാസ്ത്രീയ രീതി. ശാരീരിക അകലം പാലിച്ചാണ് സി.പി.ഐ.എം സമ്മേളനങ്ങള്‍ നടത്തുന്നത്’ എന്നൊക്കെ പറഞ്ഞ് സമ്മേളനങ്ങളെ വെള്ളപൂശുന്നുണ്ട് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സാരിയുടേയും മുണ്ടിന്റേയും കരയുടേ അതേ ഡിസൈനിലുള്ള മാസ്‌ക്കുകള്‍ തയ്പ്പിച്ച് വെച്ചിട്ട്, സ്വന്തം വീട്ടുകാരുടെ കല്ല്യാണത്തിന് 50 പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ പറ്റു എന്നതുകൊണ്ട് മാത്രം അത് മടക്കി അലമാരിയില്‍ വെച്ച പാവം ജനങ്ങളുടെ വിഷമം നിങ്ങള്‍ക്കറിയില്ല.

സി.പി.ഐ.എം, ‘കാരണഭൂതന്‍ തിരുവാതിര’ നടത്തിയതിനെ ആളുകള്‍ വിമര്‍ശിക്കുമ്പോള്‍, അതിനെ മകരവിളക്കിന് ആള് കൂടിയതുമായി താരതമ്യം ചെയ്ത്. ‘മകരവിളക്കിനെ പറ്റി ആര്‍ക്കും ഒന്നും പറയണ്ട, ഞങ്ങള്‍ തിരുവാതിര നടത്തിയതാണ് എല്ലാവര്‍ക്കും പ്രശ്‌നം’ എന്ന് പറയുമ്പോള്‍. ആരാണ് ഭരണപക്ഷത്ത് ഇരിക്കുന്നത് എന്നും, ആരെ വിശ്വസിച്ചാണ് ജനങ്ങള്‍ വോട്ട് ചെയ്തത് എന്നും, ആര്‍ക്കാണ് ജനങ്ങളുടെ മേല്‍ ഉത്തരവാദിത്ത്വം എന്നും ഒന്ന് ഓര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS: CPIM party meetings held during pandamic without following mandatory regulations

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.