പാലക്കാട്: പാലക്കാട് ജില്ലയിലെ സി.പി.ഐ.എം വിഭാഗീയതയില്‍ പി.കെ. ശശി ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ. ശശി, വി.കെ. ചന്ദ്രന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.
ജില്ലാ കമ്മിറ്റി അംഗം സി.കെ. ചാമ്മുണിയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പി.കെ. ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ നടപടി പിന്നീട് സ്വീകരിക്കും.
അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെതീരുമാനം. ജില്ലയില്‍ വിഭാഗീയതക്ക് നേതൃത്വം നല്‍കിയത് ഇവര്‍ മൂന്ന് പേരുമാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, പാലക്കാട് സി.പി.ഐ.എം വിഭാഗീയതയുടെ പേരില്‍ കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്ന് നാല് പേരെയും ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. പുതുനഗരം ലോക്കല്‍ സെക്രട്ടറി ടി.എം. അബ്ദുള്‍ ലത്തീഫ്, കൊല്ലംങ്കോട് ലോക്കല്‍ സെക്രട്ടറി കെ. സന്തോഷ് കുമാര്‍, നെന്മാറ സ്വദേശി സതി ഉണ്ണി, ടി.ജി അജിത്ത് കുമാര്‍ എന്നിവരെയാണ് ഏരിയ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത്.
മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവും പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലേതാണ് നടപടി. അഞ്ച് പേരെ തിരിച്ചെടുത്തു.
മുന്‍ ഏരിയ സെക്രട്ടറി യു. അസീസ് ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ പാനലില്‍ ഉണ്ടായിട്ടും വോട്ടെടുപ്പില്‍ തോറ്റവരാണ് ഇവര്‍.
പുതുനഗരം, കൊല്ലങ്കോട് ലോക്കല്‍ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. വിഭാഗീയതയെ കുറിച്ച് പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.