| Thursday, 22nd February 2018, 10:25 am

ശുഹൈബ് വധക്കേസില്‍ പി. ജയരാജനെ തള്ളി സംസ്ഥാന നേതൃത്വം: പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യത്തില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നിലപാടുകള്‍ തള്ളി സി.പി.ഐ.എം സംസ്ഥാന നേതൃത്വം. കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

പാര്‍ട്ടി അന്വേഷിച്ചശേഷം പാര്‍ട്ടി പ്രവര്‍ത്തകരായ ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു പി. ജയരാജന്‍ നേരത്തെ പറഞ്ഞത്.

സംസ്ഥാന സമ്മേളനത്തിനുശേഷം ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.

ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം ചെയ്‌തെന്ന് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവ വികാസങ്ങള്‍ മറ്റിടങ്ങളിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി മറ്റുജില്ലകളിലെ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

കണ്ണൂരിലെ സമാധാന യോഗം അലസിപ്പോയതടക്കമുള്ള പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായിരുന്നു.

ശുഹൈബ് വധക്കേസില്‍ സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നും ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിരുന്നെന്നുമാണ് ആകാശ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more