ന്യൂദല്‍ഹി: രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവാദ ശിപാര്‍ശക്കെതിരെ സി.പി.ഐ.എം. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേല്‍ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ ആശയം അടിച്ചേല്‍പ്പിക്കാനുള്ള ആര്‍.എസ്.എസ് നീക്കം അംഗീകരിക്കാനാകില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവേചനപരമായ നീക്കവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഹിന്ദി നിര്‍ബന്ധമാക്കുകയെന്ന അജന്‍ഡ മുന്‍നിര്‍ത്തി 112 ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.
ഇത് നടപ്പാക്കുന്നത്തോടെ കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ഹിന്ദിയില്‍ മാത്രമാകും. കേന്ദ്രസര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. ഫലത്തില്‍ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ ഹിന്ദിയിലേക്ക് മാറ്റും. കേന്ദ്ര സര്‍വകലാശാലകളും സാങ്കേതികിതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഭാഷ ഹിന്ദിയാകും.
ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, എയിംസ് തുടങ്ങിയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിര്‍ബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കാനാകൂ. ഭാവിയില്‍ അതും ഹിന്ദിക്ക് വഴിമാറും,’ സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹിന്ദി നിര്‍ബന്ധമാക്കാന്‍ 112 ശിപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കും.
കേന്ദ്രസര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിര്‍ബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. അതിനായി ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി, പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് മുഖേന വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിക്കുന്നു.
CONTENT HIGHLIGHTS: CPIM opposes the controversial proposal to alienate central government jobs to those who do not know Hindi in the country