| Thursday, 29th October 2020, 11:00 am

മുഖ്യമന്ത്രി രാജിവെക്കുന്ന പ്രശ്‌നമില്ല, അത് അജണ്ടയിലേ ഇല്ല: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റു ചെയ്‌തെന്ന പേരില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയന്‍ രാജിവെക്കില്ലെന്ന് സി.പി.ഐ.എം. ഒരു കാരണവശാലും മുഖ്യമന്ത്രി രാജിവെക്കില്ലെന്നും അങ്ങനെ ഒരു കാര്യം അജണ്ടയില്‍ പോലുമില്ലെന്നും സി.പി.ഐ.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

120 ദിവസമായി പ്രതിപക്ഷം പറയുന്നത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ്. അതില്‍ ഇപ്പോള്‍ ഒരു പുതുമയുമില്ല. മുഖ്യമന്ത്രി തുടക്കം മുതലേ ഏതന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കട്ടെയെന്നും മടിയില്‍ കനമുള്ളവനേ ഭയപ്പെടാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞതാണ്. അത് വെറുതെ പറഞ്ഞതല്ല.

സ്വര്‍ണക്കടത്ത് പ്രശ്‌നം ഉയര്‍ന്നുവന്ന ആദ്യഘട്ടത്തില്‍ തന്നെ ഐ.എ.എസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മാറ്റി. കൃത്യമായ വിവരം വന്നപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരുമായി അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ബന്ധവുമില്ല.

പിന്നെ ധാര്‍മികമായ ഉത്തരവാദിത്തത്തെ കുറിച്ച് പറയുകയാണെങ്കില്‍ ആ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുമല്ലോ. ഐ.പി.എസ്- ഐ.എ.എസ് എന്നത് കേന്ദ്രകേഡര്‍ ആണ്.

ഏതൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നതൊക്കെ കോടതിയില്‍ നിന്നും വരട്ടെ. അതില്‍ ഉത്കണ്ഠയില്ല. പുതിയ പുതിയ ആരോപണങ്ങളും വാര്‍ത്തകളും അതില്‍ നിന്നും വരുന്ന മൊഴികളും അറസ്റ്റും എല്ലാം നടക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥനായ അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അത് ആയുധമാക്കിയിരുന്നില്ലെ എന്ന ചോദ്യത്തിന് അതിനൊക്കെ അന്നും മറുപടി തന്നിട്ടുണ്ടെന്നായിരുന്നു ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത്.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് പറയുന്നത് അന്നും ഇന്നും അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് അന്നും ഇന്നും പറയുന്നത് അസംബന്ധമാണ്. മൊഴി മാത്രം ഉണ്ടായാല്‍ പോരല്ലോ. മൊഴിയല്ലല്ലോ അടിസ്ഥാനമാകുന്നത്. മൊഴിയുടെ മേല്‍ പരിശോധന നടത്തട്ടെ വിവരം പുറത്തുവരട്ടെ.

കെട്ടിച്ചമച്ചതാണെന്നും അല്ലെന്നും ഞങ്ങള്‍ പറയുന്നില്ല. എല്ലാം പരിശോധിക്കട്ടെ എന്നാണ് പറയുന്നത്. അതിനിടെ ധാര്‍മികതയുടെ പേര് പറഞ്ഞ് വിരട്ടാന്‍ നോക്കണ്ട. അവസാന വിധി ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഈ മൊഴി ശരിയോ തെറ്റോ എന്നൊന്നും പറയാന്‍ പറ്റില്ല. ജുഡീഷ്യല്‍ പരിശോധനയ്ക്ക് മുന്നില്‍ വരട്ടെ. കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ.

ഏതെങ്കിലും ഒരു പ്രതിയെ സംരക്ഷിക്കേണ്ട ഒരു ഉത്തരവാദിത്തവും സി.പി.ഐ.എമ്മിനില്ല. കൂടുതല്‍ തെളിവുകള്‍ പുറത്തുവരട്ടെ. ഒരു ഉത്കണ്ഠയും ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മിനില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുമായി ഇതിന് ബന്ധമില്ലാത്തിടത്തോളം കാലം സി.പി.ഐ.എം പ്രതിരോധത്തിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM On M Shivashankar Arrest

Latest Stories

We use cookies to give you the best possible experience. Learn more