| Saturday, 6th March 2021, 10:07 am

കസ്റ്റംസ് വിളിച്ചെന്ന് കരുതി പ്രതിയാകണമെന്നില്ലല്ലോ; ഇത്തരം നീക്കങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്: കോടിയേരിയുടെ ഭാര്യയ്‌ക്കെതിരായ നടപടിയില്‍ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്ന കസ്റ്റംസിന്റെ കണ്ടെത്തലില്‍ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കസ്റ്റംസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇത്തരം ചില വാര്‍ത്തകള്‍ വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതനുസരിച്ചുള്ള ഒരു വാര്‍ത്തയാണ് ഇതും. ഇനിയും കുറേ വാര്‍ത്തകള്‍ വരും. അത് മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനുള്ളൂ.

കസ്റ്റംസിന് പലരേയും വിളിക്കാമല്ലോ അവര്‍ വിളിച്ചെന്ന് കരുതി അവര്‍ ഏതെങ്കിലും കേസില്‍ പ്രതിയാകണമെന്നില്ലല്ലോ. ഒരുപാട് പേരെ കസ്റ്റംസ് വിളിച്ചല്ലോ അവരൊന്നും പ്രതിയായിട്ടില്ലല്ലോ.

കഴിഞ്ഞ ദിവസം കസ്റ്റംസിനോട് കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നില്ല. ജയില്‍ ഐ.ജി കൊടുത്ത കേസില്‍ പോയി കസ്റ്റംസ് സ്വപ്നയുടെ മൊഴിയെന്ന് പറഞ്ഞ് സത്യവാങ്മൂലം കൊടുക്കുകയാണ്.

എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി കസ്റ്റംസിനോട് ചോദിച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ സ്വമേധയാ പോയിട്ട് സ്വപ്നയുടെ മൊഴിയെടുത്ത് പത്രങ്ങള്‍ക്ക് കൊടുക്കുകയാണ്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലേ. രാഷ്ട്രീയമായി കസ്റ്റംസിനേയും കേന്ദ്ര ഏജന്‍സികളേയും ഉപയോഗിക്കുന്നു എന്നുള്ളത് കുറേക്കൂടി വ്യക്തമാകുന്നതാണ് ഈ സംഭവങ്ങള്‍.

കസ്റ്റംസ് ഒരുപാട് കഥകള്‍ കൊണ്ടുവരുകയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. സ്വപ്‌ന സുരേഷിന്റെ ഓഡിയോ നമ്മള്‍ കേട്ടു. മുഖ്യമന്ത്രിയേ കുറിച്ചും മന്ത്രിമാരെ കുറിച്ചും പറയണമെന്ന് പറഞ്ഞിട്ട് തന്നെ പീഡിപ്പിക്കുകയാണെന്ന് സ്വപ്‌ന തന്നെ പറയുന്നത് നമ്മള്‍ കേട്ടതാണല്ലോയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.

യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് പറയുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ വിനോദിനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കസ്റ്റംസ്.

സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആറ് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ലൈഫ് മിഷന്‍ കേസ് ആയതോടെ ഈ ഫോണുകള്‍ ആരെല്ലാം ഉപയോഗിച്ചു എന്നതില്‍ അന്വേഷണം തുടങ്ങി.

പിന്നീട് ഡോളര്‍ കടത്തിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വിനോദിനി ഉപയോഗിച്ച ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM On Customs Notice Against Kodiyeris Wife

We use cookies to give you the best possible experience. Learn more