| Thursday, 10th December 2020, 3:09 pm

മാതൃഭൂമീ, ആ ആരോപണം ഉന്നയിച്ചത് നിങ്ങള്‍ മാധ്യമങ്ങളാണ്, നിങ്ങള്‍ക്കത് ഒരു ചൂട് വാര്‍ത്തയായിരുന്നു; മറുപടിയുമായി ഓമനക്കുട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് വ്യാജ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ‘വിചാരണ’ ചെയ്യപ്പെട്ട സംഭവത്തില്‍ മാതൃഭൂമിക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് ഓമനക്കുട്ടന്‍.

തന്നെക്കുറിച്ചും തന്റെ പാര്‍ട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തില്‍ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണെന്ന് ഓമനക്കുട്ടന്‍ പറയുന്നു.

‘ എം.ബി.ബി.എസ് പ്രവേശനം അച്ഛനുള്ള സമ്മാനം’; അഭിമാനത്തോടെ സഖാവ് ഓമനക്കുട്ടന്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമി കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയില്‍ 2019ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവു നടത്തിയെന്ന് ആരോപിതാനാവുകയും പിന്നീടു സര്‍ക്കാര്‍ തന്നെ മാപ്പുപറയുകയും ചെയ്ത എന്‍.എസ്. ഓമനക്കുട്ടന്റെ മൂത്തമകള്‍ എന്ന് അവര്‍ പറഞ്ഞിരുന്നു. ഇതിനെതിരാണ് ഓമനക്കുട്ടന്‍ രംഗത്തെത്തിയത്.

ബഹുമാന്യ മാധ്യമസുഹൃത്തെ, ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങള്‍ മാധ്യമങ്ങളാണ്. നിങ്ങള്‍ക്കത് ഒരു ചൂട് വാര്‍ത്തയായിരുന്നെന്നും ഓമനക്കുട്ടന്‍ ഫേസ്ബുക്കില്‍ എഴുതി.

ഓമനക്കുട്ടന്റെ വാക്കുകള്‍

‘മാതൃഭൂമി അറിയാന്‍…..ഞാന്‍ എന്‍.എസ്.ഓമനക്കുട്ടന്‍. സി.പി.ഐ.എം പ്രവര്‍ത്തകനാണ്. എന്റെ മകള്‍ സുകൃതിക്ക് സര്‍ക്കാര്‍ മെറിറ്റില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചകാര്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.

ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുവാന്‍ കഴിഞ്ഞ എനിക്ക് എന്റെ മകള്‍ക്ക് ലഭിച്ച ഈ അവസരം അഭിമാനത്തിന് വക നല്‍കുന്നതാണ്.
എന്നെക്കുറിച്ചും എന്റെ പാര്‍ട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തില്‍ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണ്.

‘2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സര്‍ക്കാര്‍ തന്നെ മാപ്പു പറയുകയും ചെയ്ത……

ബഹുമാന്യ മാധ്യമസുഹൃത്തെ, ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങള്‍ മാധ്യമങ്ങളാണ്. നിങ്ങള്‍ക്കത് ഒരു ചൂട് വാര്‍ത്തയായിരുന്നു.

എന്നെയല്ല നിങ്ങള്‍ ഉന്നം വച്ചത് എന്റെ പാര്‍ട്ടിയെയും എല്‍.ഡി.എഫ്. ഗവണ്‍മെന്റിനെയുമായിരുന്നു. നിങ്ങള്‍ നല്‍കിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ട്ടി നേതൃത്വവും തെറ്റായകാര്യങ്ങള്‍ കര്‍ശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്.

ഒരു സാധാരണപ്രവര്‍ത്തകനായ ഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പിന്നീട് യഥാര്‍ത്ഥ വസ്തുത പുറത്തുവന്നപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തേണ്ടി വന്നു. സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM Leader Omanakuttan Against Mathrubhumi

Latest Stories

We use cookies to give you the best possible experience. Learn more