| Thursday, 26th June 2014, 11:28 am

സംഘടനാ ദൗര്‍ബല്യം തോല്‍വിക്കു കാരണമായി : എസ്.ആര്‍.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട് : സംഘടനാദൗര്‍ബല്യം കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നീ ലോകസഭാ മണ്ഡലങ്ങളിലെ സി.പി.എമ്മിന്റെ തോല്‍വിക്കു കാരണമായെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പു തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്നതിനുള്ള പാര്‍ട്ടി ഉത്തരമേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മൂന്നു ജില്ലകളിലും സി.പി.എമ്മിന്റെ നിലപാടുകളും മുദ്രാവാക്യങ്ങളും പോലും അപ്രസക്തമായി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയെക്കുറിച്ച് കീഴ്ഘടകങ്ങളിലും ചര്‍ച്ച നടത്തണമെന്ന് എസ.്ആര്‍.പി പറഞ്ഞു. തോല്‍വിയെ മറികടക്കാന്‍ പാര്‍ട്ടി പുതിയ അടവു നയം സ്വീകരിക്കണം.

ലോ്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും വോട്ടു കുറഞ്ഞു. പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. തിരഞ്ഞെടുപ്പില്‍ ആം ആദ്മി നേടിയ വോട്ടും ചര്‍ച്ച ചെയ്യേണ്ടതാണ്. പാര്‍ട്ടി ഏറ്റെടുത്ത ബഹുജന സമരങ്ങള്‍ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിച്ചില്ല.

ഹിന്ദു വോട്ടുകളിലും ചോര്‍ച്ച ഉണ്ടായി. ഈ വോട്ടുകളാണ് ബി.ജെ.പിക്ക് അനുകൂലമായി തീര്‍ന്നത്. തിരഞ്ഞെടുപ്പു സമയത്ത് ആര്‍.എസ്.പി മുന്നണി വിട്ടത് പാര്‍ട്ടിക്ക് ക്ഷീണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി എന്നിവരും പങ്കെടുത്തിരുന്നെങ്കിലും എസ്.ആര്‍.പി മാത്രമാണ് സംസാരിച്ചത്.  കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളാണ് റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തത്.

We use cookies to give you the best possible experience. Learn more