| Sunday, 3rd May 2020, 9:20 am

അതിസമ്പന്നര്‍ക്ക് സ്വത്ത് നികുതി ഏര്‍പ്പെടുത്തണം; കൊവിഡ് ദുരിതമകറ്റാന്‍ സി.പി.ഐ.എമ്മിന്റെ മാര്‍ഗരേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിശദമായ മാര്‍ഗരേഖ സമര്‍പ്പിച്ച് സി.പി.ഐ.എം. നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജ് തീര്‍ത്തും അപര്യാപ്തമാണെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാട്ടി.

കോടിക്കണക്കിന് പേര്‍ തൊഴില്‍ നഷ്ടം മൂലം പട്ടിണിയിലാണ്. ഇവര്‍ക്ക് ഭക്ഷണവും സാമ്പത്തികസഹായവും നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. അതിസമ്പന്നര്‍ക്ക് സ്വത്ത് നികുതി ഏര്‍പ്പെടുത്തണമെന്നും സി.പി.ഐ.എം നിര്‍ദേശിക്കുന്നു.

സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജി.എസ്.ടി കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സി.പി.ഐ.എം നിര്‍ദേശിച്ച മാര്‍ഗരേഖകള്‍:-

നിര്‍ദേശങ്ങള്‍

കോടിക്കണക്കിനു പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലാണ്. ഇവര്‍ക്ക് ഭക്ഷണവും സാമ്പത്തികസഹായവും നല്‍കണം.

ആദായനികുതി ദായകരില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപവീതം മൂന്ന് മാസം നല്‍കണം.

എല്ലാ വ്യക്തികള്‍ക്കും പ്രതിമാസം 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ആറ് മാസം നല്‍കണം. എഫ്.സി.ഐ ഗോഡൗണുകളില്‍ 7.7 കോടി ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ട്. കരുതല്‍ശേഖരം 2.4 കോടി ടണ്‍ മതി.

അതിസമ്പന്നര്‍ക്ക് സ്വത്തുനികുതി ചുമത്തണം.

സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം വിട്ടുകൊടുക്കണം. സാമ്പത്തികസഹായവും നല്‍കണം. സംസ്ഥാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കണം.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക കൈമാറണം.

ഗുരുതരരോഗങ്ങള്‍ നേരിടുന്ന എല്ലാവര്‍ക്കും വൈദ്യസഹായം ഉറപ്പാക്കണം. ഔഷധങ്ങള്‍, രക്തം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കണം.

ദുരന്തകാലം കഴിയുന്നതുവരെയെങ്കിലും സ്വകാര്യമേഖലയിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ പൊതു ആവശ്യത്തിനായി ഏറ്റെടുക്കണം.

പിരിച്ചുവിടലും വേതനം വെട്ടിക്കുറയ്ക്കലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

പൊതുവിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

ധനമൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയണം.

ഇതര നടപടികള്‍

തൊഴിലുറപ്പ് പദ്ധതി വേതന കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കണം. ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചുവരുന്ന തൊഴിലാളികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പദ്ധതി നഗരങ്ങളിലും നടപ്പാക്കണം.

വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടണം. കാര്‍ഷികമേഖലയില്‍ കടാശ്വാസം നല്‍കണം. പുതിയ വായ്പകളുടെ പലിശ സര്‍ക്കാര്‍ വഹിക്കണം.

അതിഥിത്തൊഴിലാളികളുടെ ആശങ്ക അകറ്റണം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കണം.

അവശ്യവസ്തു ലഭ്യത ഉറപ്പാക്കണം.

ഗ്രാമീണ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കണം

പൊതുനിക്ഷേപം വര്‍ധിപ്പിക്കണം

വര്‍ഗീയധ്രുവീകരണം വളര്‍ത്താനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more