ജയ്പൂര്‍: നവംബര്‍ 25 ന് രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എം.
മധ്യപ്രദേശില്‍ സിറ്റിങ് സീറ്റിലുള്‍പ്പടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെ പ്രാഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എമ്മും നിലപാട് കടുപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ ധാരണയാവാത്തതോടെയാണ് 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
പാര്‍ട്ടിയുടെ സിറ്റിങ് എം.എല്‍.എമാരായ ഭല്‍വാന്‍ പൂനിയ ഹനുമന്‍ഗഢ് ജില്ലയിലെ ഭദ്രയില്‍ നിന്നും ഗിരിദരി ലാല്‍ മാഹിയ ബിക്കാനീറിലെ ദുംഗര്‍ഗഢില്‍ നിന്നും വീണ്ടും മത്സരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെകട്ടറി അമ്രാ റാം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം സിക്കര്‍ ജില്ലയിലെ ദത്താരം ഗഢില്‍ മത്സരിക്കും.
ഇന്ത്യമുന്നണിയുടെ തീരുമാനം കണക്കിലെടുത്ത് ബി.ജെ.പിക്കെതിരെ കൂട്ടായ നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസ് വീഴ്ച വരുത്തിയെന്ന് അമ്ര റാം പറഞ്ഞു. സീറ്റ് ചര്‍ച്ചയില്‍ സി.പി.ഐ.എമ്മിന് മൂന്ന് സീറ്റ് നല്‍കാമെന്ന് രാജസ്ഥാന്‍ ചുമതലയുള്ള സുഖ്ജീന്ദര്‍ രണ്‍ധാവ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പാലിച്ചില്ല. നിലവില്‍ സി.പി.ഐ.എമിന് രാജസ്ഥാനില്‍ രണ്ട് നീറ്റാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് രണ്ടാം സ്ഥാനത്ത് എത്തുകയും അഞ്ചിടത്ത് 45000 ത്തിലധികം വോട്ട് നേടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ ഫലം കാണത്തതിനാലാണ് 17 സീറ്റില്‍ മത്സരിക്കുന്നതെന്ന് അമ്രാ റാം പറഞ്ഞു.
സിക്കര്‍ ജില്ലയില്‍ നാലും ഹനുമാന്‍ഗഢ് ചുരു ജില്ലകളിലും മൂന്ന് വീതവും ശ്രീ ഗംഗാനഗറിലും നഗൗറിലും രണ്ട് വീതവും സീറ്റുകളിലാണ് സി.പി.ഐ.എം മത്സരിക്കുന്നത്. ഉദയ്പൂര്‍, ദുംഗര്‍പ്പൂര്‍, ബിക്കാനിര്‍ എന്നിവടങ്ങളില്‍ ഒരോ സ്ഥാനാര്‍ത്ഥികള്‍ വീതവും മത്സരിക്കും.
സി.പി.ഐ.എം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരെ നിലകൊള്ളുമെന്നും അമ്രാ റാം കൂട്ടിച്ചേര്‍ത്തു.
content highlight : CPIM names 17 candidates for Rajasthan assembly polls