| Thursday, 17th September 2020, 10:17 am

കേസ് വന്നാല്‍ പോലും ജലീല്‍ രാജിവെക്കേണ്ടതില്ല; ആദ്യം രാജിവേക്കണ്ടത് വി. മുരളീധരന്‍ : സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.ഐ.എ ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍.

മന്ത്രി സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ചോദ്യം ചെയ്യലിന് വിളിപ്പിച്ചതുകൊണ്ട് രാജിവെക്കണോ. കേസ് വന്നാല്‍ പോലും രാജിവെക്കേണ്ടതില്ല. എന്ത് അടിസ്ഥാനത്തിലാണ് രാജിവെക്കേണ്ടത്. ഇവിടെ ഒരു സുതാര്യതയുടേയും പ്രശ്‌നമില്ല. ഒരു ഒളിവും ഇക്കാര്യത്തില്‍ ഇല്ല. എല്ലാം പരസ്യമായി തന്നെയാണ് ചെയ്തത്.

രാജിയുടെ ഒരു കാര്യവും ഇപ്പോള്‍ ഇല്ല. അങ്ങനെ നോക്കുകയാണെങ്കില്‍ ആദ്യം രാജിവെക്കേണ്ടത് ഇതില്‍ ഒന്നാം പ്രതിയായ മന്ത്രി വി. മുരളീധരനാണ്.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതല്ലെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. അനില്‍ നമ്പ്യാരാണ് ഇവര്‍ക്ക് ബുദ്ധിപറഞ്ഞുകൊടുത്തത്. ഇവരെ രണ്ടുപേരേയും ചോദ്യം ചെയ്യാതെ പിന്നെ എങ്ങനെയാണ്.

എല്ലാം അന്വേഷിക്കണം. സ്വര്‍ണം കൊണ്ടുവന്നവരേയും അതിന് സൗകര്യം ചെയ്തുകൊടുത്തവരേയും എല്ലാം അന്വേഷിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം ജലീലിനെ സംശയം എന്ന് പറയുന്നത് വസ്തുത അല്ലെന്നും സംശയത്തിന്റെ പേരില്‍ ഒരാളെ ആക്ഷേപിച്ച് പുറത്താക്കാനാവില്ലെന്നുമായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ പ്രതികരിച്ചത്.

വസ്തുത കണ്ടെത്താന്‍ എന്‍.ഐ.എ ശ്രമിക്കണം. കെ.ടി ജലീലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു നിയമലംഘനവും അവര്‍ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഭയപ്പാടിന്റെ ആവശ്യമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more