| Saturday, 22nd July 2023, 8:33 am

വഖഫ് നിയമം അസാധുവാക്കല്‍ ബില്‍; എതിര്‍പ്പറിയിച്ച് ഇടത്, ലീഗ് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വഖഫ് നിയമം അസാധുവാക്കാന്‍ ബില്‍ അവതരിപ്പിക്കണമെന്ന ബി.ജെ.പി അംഗത്തിന്റെ ആവശ്യത്തെ രാജ്യസഭയില്‍ എതിര്‍ത്ത് സി.പി.ഐ.എം, ലീഗ് എം.പിമാര്‍. വഖഫ് നിയമം അസാധുവാക്കല്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ബി.ജെ.പി അംഗം ഹര്‍നാഥ് സിങ് യാദവിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് ഇടത് എം.പിമാരായ എളമരം കരീം, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, ബിനോയ് വിശ്വം, പി. സന്തോഷ് കുമാര്‍ എന്നിവരും ലീഗ് എം.പിമാരായ മുസ്‌ലിം ലീഗ് എം.പി പി.വി. അബ്ദുല്‍ വഹാബുമാണ് നോട്ടീസ് നല്‍കിയത്.

സഭാചട്ടം 67 പ്രകാരം സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ അനുവദിക്കരുത് എന്നാണ് എം.പിമാര്‍ സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനോട് ആവശ്യപ്പെട്ടത്. 1995ലെ വഖഫ് നിയമം പിന്‍വലിക്കാനുള്ള നിയമനിര്‍മാണമാണ് ‘ദി വഖഫ് റിപ്പീല്‍’ ബില്‍. മുസ്‌ലിം സമുദായത്തിനെതിരായി സംഘപരിവാര്‍ നീക്കങ്ങളുടെ ഭാഗമാണ് ബില്ലെന്ന് എം.പിമാര്‍ പറഞ്ഞു.

‘നിയമനിര്‍മാണത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബില്‍ അംഗീകരിക്കാനാകില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സുപ്രധാനമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗണ്‍സിലും സംസ്ഥാന വഖഫ് ബോര്‍ഡുകളും പ്രവര്‍ത്തിച്ചുവരുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ബദലുകളൊന്നും നിര്‍ദേശിക്കാതെ ഈ നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിനെ സദുദ്ദേശ്യപരമായി കാണാനാകില്ല.

നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായും രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ കാണാനാകൂ. മാതൃനിയമത്തിലെ പല വ്യവസ്ഥയും ബില്ലില്‍ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്,’ ഇടത് എം.പിമാര്‍ നല്‍കിയ കത്തില്‍ പറഞ്ഞു.

മുസ്‌ലിങ്ങളുടെ വിശ്വാത്തില്‍ ഇടപെടാനും അവരുടെ വിശ്വാസത്തെ മുന്‍നിര്‍ത്തി
വെറുപ്പ് ഉല്‍പാദിപ്പിക്കാനുമാണ് ഈ ബില്ലിന്റെ ഉദ്ദേശമെന്ന് പി.വി. അബ്ദുല്‍ വഹാബും പറഞ്ഞു.

Content Highlight: CPIM, Muslim League MPs oppose BJP member’s demand to introduce bill to repeal Waqf Act in Rajya Sabha

We use cookies to give you the best possible experience. Learn more