പൊന്നാനി: വെട്ടം പറവണ്ണയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ക്കുകയും പള്ളിക്കുനേരെ കല്ലെറിയുകയും ചെയ്ത സംഭവത്തില്‍ 25 ഓളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പറവണ്ണയില്‍ നടത്തിയ പ്രകടനത്തിനിടെയാ സംഘര്‍ഷമുണ്ടായത്.
പറവണ്ണ എം.ഇ.എസിന് പടിഞ്ഞാറ് ഭാഗത്താണ് വെള്ളിയാഴ്ച രാത്രി അക്രമം അരങ്ങേറിയത്. വൈകീട്ട് 6.30ന് ശേഷം ആഹ്ലാദപ്രകടനങ്ങള്‍ പാടില്ലെന്ന പൊലീസിന്റെയും സര്‍വകക്ഷി യോഗത്തിന്റെയും നിര്‍ദേശം മറികടന്നാണ് പ്രകടനം നടത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു. ബടനാത്ത് യൂസഫിന്റെ വീടും അബ്ബാസിന്റെ ഓട്ടോയും ബൈക്കുകളും കമ്മുക്കാന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്.
തുടര്‍ന്ന് അക്രമിസംഘം സമീപത്തെ റഹ്മത്താബാദ് ജുമാ മസ്ജിദിനടുത്തേക്ക് നീങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പള്ളിക്കു നേരെ കല്ലേറുണ്ടായെന്നും ആക്ഷപമുണ്ടായിരുന്നു.
പറവണ്ണയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രണ്ട് വീടുകളും ഓട്ടോയും തകര്‍ക്കുകയും പള്ളിക്ക് നേരെ കല്ലെറിയുകയും ചെയ്തത് വിജയാഹ്ലാദ പ്രകടനത്തിനിടെയാണെന്നും അക്രമം നടത്തിയവരെ ഒറ്റപ്പെടുത്താനും നിയമത്തിന് മുന്നില്‍ എത്തിക്കാനും ലീഗ് നേതൃത്വം തയാറാവണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.