കോഴിക്കോട് : വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുതെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എമ്മിന്റെ രാജ്യസഭ എം.പിമാരായ എ.എ. റഹീമും ജോണ്‍ബ്രിട്ടാസും.
ഇംഗ്ലീഷിനു പകരം ഹിന്ദി നിര്‍ബന്ധമാക്കുകയും ഹിന്ദി പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന അമിത് ഷായുടെ പ്രസ്താവന ഇന്ത്യയുടെ ബഹുസ്വരതയ്ക്കെതിരായ ആര്‍.എസ്.എസ് ആക്രമണവുമായി പൊരുത്തപ്പെടുന്നതാണെന്ന് റഹീം ട്വീറ്റ് ചെയ്തു. ഈ വര്‍ഗീയത ഇന്ത്യയുടെ ആത്മാവിന് എതിരാണെന്നും റഹീം കുറ്റപ്പെടുത്തി.
ഹിന്ദിയോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും എന്നാല്‍ പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നല്‍കേണ്ടതില്ല എന്നാണ് ഭരണഘടന ശില്‍പികള്‍ തീരുമാനിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.
‘എല്ലാം ഒന്നിലേക്ക് എത്തണമെന്നതാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം. ഒരു മതം, ഒരു സംസ്‌കാരം, ഒരു നേതാവ്, ഒരു ഭാഷ, ചുരുക്കി പറഞ്ഞാല്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍!
നാനാത്വത്തില്‍ ഏകത്വം എന്ന ആപ്തവാക്യത്തില്‍ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായത്.
ഹിന്ദിയോട് ആര്‍ക്കും എതിര്‍പ്പില്ല. ഹിന്ദി പഠിക്കണമെന്നും പറയണമെന്നും ആഗ്രഹിക്കുന്നവര്‍ തന്നെയാണ് നമ്മള്‍. യാതൊരു വേര്‍തിരിവും ഇല്ലാതെ ഹിന്ദിയെ നമ്മള്‍ ആശ്ലേഷിക്കുന്നുമുണ്ട്. നല്ല ഹിന്ദി സിനിമ കാണാത്ത ഏത് മലയാളിയാണ് ഇവിടെയുള്ളത്.
മറ്റു ഭാഷകള്‍ക്ക് മേല്‍ ഹിന്ദിയെ സ്ഥാപിക്കുന്നതിനോടാണ് നമ്മുടെ വിയോജിപ്പ്. ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമൊക്കെ നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നല്‍കേണ്ടതില്ല എന്നാണ് ഭരണഘടന ശില്‍പികള്‍ തീരുമാനിച്ചത്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണ്. അതാണ് ഭരണഘടന നമ്മോട് പറയുന്നത്. അതിനുമേല്‍ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങള്‍,’ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അമിത് ഷായുടെ വിവാദ പരാമര്‍ശം.
ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്ളെക്സിബിള്‍ ആക്കണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.
‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും.
ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്,” അമിത് ഷാ പറഞ്ഞു.
CONTENT HIGHLIGHTS: CPIM MPs AA Rahim and John Brittas against Amit Shah in a Hindi statement