തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം. എം.പിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.
സി.പി.ഐ.എം എം.പിമാരായ എളമരം കരീം, എ.എ. റഹീം, ജോണ്‍ ബ്രിട്ടാസ്, വി.ശിവദാസന്‍ എന്നിവരും സി.പി.ഐ എം.പിമാരായ വിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരും കേരള കോണ്‍ഗ്രസ് എം എം.പി ജോസ് കെ. മാണിയുമാണ് നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചത്.
‘ജന ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിനാകെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയല്‍ മുതലായ പ്രവര്‍ത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കേരള സര്‍ക്കാര്‍ മികച്ച രീതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം.പിമാര്‍ മന്ത്രിയെ അറിയിച്ചു.
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയും ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരാന്‍ പോകുന്ന സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേകമായ പരിഗണന നല്‍കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നും എം.പിമാര്‍ നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്.