| Tuesday, 22nd March 2022, 2:27 pm

അംബേദ്കറുടെ ജന്മദിനം രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിക്കണം; രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മദിനം രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച പ്രമേയത്തിന് അനുമതിയും ലഭിച്ചു. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 ഇപ്പോഴും പൊതു അവധിയല്ല. ക്ലോസ്ഡ് ഹോളി ഡേ ആയി പ്രഖ്യാപിക്കുന്നതുപോലും ദിവസങ്ങള്‍ക്ക് മുമ്പാണെന്നും എം.പി പ്രമേയത്തില്‍ പറഞ്ഞു.

”സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 14 ക്ലോസ്ഡ് ഹോളി ഡേ എന്ന രീതിയാണ് കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പിന്തുടരുന്നത്. അതും പല അവസരങ്ങളിലും രണ്ട് ദിവസം മുമ്പ് മാത്രം പ്രഖ്യാപിക്കുന്നു. 1881 ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 25 പ്രകാരം ഇത് ഒരു സാധാരണ പൊതുഅവധി ആയി പ്രഖ്യാപിക്കണം. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിട്ടും ഇത് പരിഗണിക്കപ്പെടുന്നില്ല,’ പ്രമേയത്തില്‍ പറയുന്നു.

അടുത്ത കലണ്ടര്‍ വര്‍ഷം മുതല്‍ അംബ്ദേക്കര്‍ ജയന്തി പൊതു അവധി ദിനമായി ആചരിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ അസമത്വവും അനീതികളും സാമൂഹിക മേല്‍ക്കോയ്മയും ഇല്ലാതാക്കുന്നതില്‍ വിലമതിക്കാനാവാത്ത സംഭാവന നല്‍കിയയാളാണ് അംബേദ്ക്കര്‍ എന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.

Content highlights: CPIM MP John Brittas wants Ambedkar Jayanti to be declared as public holiday

We use cookies to give you the best possible experience. Learn more