ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്‌നം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ്. സി.പി.ഐ.എം എം.പിമാരായ എളമരം കരീമും കെ.കെ രാഗേഷുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കയിത്.
നേരത്തെ കശ്മീരില്‍ സൈനികനീക്കം ശക്തമാക്കിയതിന് പിന്നാലെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം കശ്മീരില്‍ രണ്ടുതവണയായി 38,000 അര്‍ധസൈനികരെ വിന്യസിച്ചത്.
ഇന്നലെ വൈകീട്ട് മുതല്‍ അര്‍ധരാത്രി വരെ വിവിധ സുരക്ഷാസേന തലവന്‍മാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്റലിജന്‍സ് ബ്യൂറോ ചീഫ് അരവിന്ദ് കുമാര്‍ എന്നിവരുമായി പാര്‍ലമെന്റിലെ ഓഫീസില്‍ വെച്ച് അമിത് ഷാ കൂടിക്കാഴ്ച നടത്തി.
രാത്രി 12.30 വരെ കൂടിക്കാഴ്ച നീണ്ടുനിന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കാശ്മീരിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി ജ്ഞാനേഷ് കുമാര്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം താഴ്‌വരയില്‍ സൈനികനീക്കം ശക്തമാക്കിയതിനു തൊട്ടുപിറകെ പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി വീട്ടുതടങ്കലിലാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സി.പി.ഐ.എം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരാണ് വീട്ടുതടങ്കലിലായത്.
WATCH THIS VIDEO: