| Thursday, 21st June 2018, 10:40 am

പൊലീസിന്റെ സദാചാര ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിച്ച് സി.പി.ഐ.എം മുഖപത്രം; വിമര്‍ശിച്ചയാള്‍ക്കുനേരെ ജീവനക്കാരുടെ അധിക്ഷേപവും

അനസ് അലി

കോഴിക്കോട്: പൊലീസിന്റെ സദാചാര ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിച്ച് ഭരണകക്ഷിയായ സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി. ആലപ്പുഴ ബീച്ചിലെത്തുന്ന കമിതാക്കള്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഇത്തരമൊരു വിമര്‍ശനമുയര്‍ത്തുന്നത്.

“ബീച്ചിലെ കാറ്റാടിത്തണലില്‍ കമിതാക്കളുടെ ആഭാസം: 20 പേര്‍ പിടിയില്‍” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് സദാചാര പൊലീസിങ്ങിനെ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വിമര്‍ശനമുയരുന്നത്.

ഇപ്രകാരമായിരുന്നു ദേശാഭിമാനിയുടെ റിപ്പോര്‍ട്ട്

ബീച്ചില്‍ കൗമാരകമിതാക്കളുടെ അശ്ലീല ചേഷ്ടകള്‍ അതിരുവിടുന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള കാറ്റാടിമരങ്ങളുടെ ഇടയിലും പാര്‍ക്കിങ്ങിന് പടിഞ്ഞാറു ഭാഗത്ത് കല്ലുകള്‍ നിക്ഷേപിച്ച ഭാഗത്തുമാണ് കമിതാക്കളുടെ ഇരിപ്പിടം. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കമിതാക്കളിലധികവും. തിങ്കളാഴ്ച ഇരുപതിലേറെ കമിതാക്കളെ പൊലീസ് പൊക്കി. ചിലര്‍ ബൈക്കില്‍ പമ്പ കടന്നു. പിടികൂടിയവരെ രക്ഷിതാക്കളെ വരുത്തി താക്കീത് നല്‍കിയാണ് വിട്ടയച്ചത്.

പിടികൂടിയവരില്‍ 17 വയസുള്ള പെണ്‍കുട്ടിയുമുണ്ടായിരുന്നു. ടൂറിസം എസ്.ഐ വി.ജെ ജോണ്‍, വനിതാ എസ്.ഐ ശ്രീദേവി, ബെറ്റിമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ക്ലാസുകള്‍ ആരംഭിച്ചതോടെയാണ് കൗമാരക്കാരുടെ വിളയാട്ടം കൂടിയതെന്നാണ് വിലയിരുത്തല്‍. ബീച്ചിലും പരിസരത്തും പട്രോളിങ് ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ബീച്ചില്‍ കമിതാക്കളുടെ ആഭാസത്തിനെതിരെ നേരത്തെ സാമൂഹിക പ്രവര്‍ത്തക ഫേസ്ബുക്കിലെഴുതിയത് വൈറലായിരുന്നു. “

പത്രത്തിന്റെ ആലപ്പുഴ എഡിഷന്‍ ഉദ്ഘാടന ദിവസം തന്നെയാണ് ഇത്തരമൊരു വാര്‍ത്ത പത്രത്തില്‍ അച്ചടിച്ചുവന്നത്. ബീച്ചിലെത്തുന്ന കൗമാരക്കാരായ കമിതാക്കളുടെ അശ്ലീല ചേഷ്ടകള്‍ അതിരുവിടുന്നു, തിങ്കളാഴ്ച ഇരുപതിലേറെ കമിതാക്കളെ പൊക്കി, പിടികൂടിയവരില്‍ 17 വയസുള്ള പെണ്‍കുട്ടിയുമുണ്ടായിരുന്നു, ക്ലാസുകള്‍ ആരംഭിച്ചതോടെ കൗമാരക്കാരുടെ വിളയാട്ടം കൂടി.. എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെയാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ പൊതുയിടങ്ങളില്‍ സദാചാര പൊലീസിങ് വര്‍ധിക്കുന്നുവെന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടെന്നത് ഗൗരവകരമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

“”ആദ്യം എന്തച്ചടിക്കണമെന്നു തീരുമാനിക്കണം എന്നിട്ടൊക്കെ പോരേ ആലപ്പുഴയില്‍ നിന്നും പുതിയ എഡിഷന്‍. ഇതൊക്കെ പടച്ചുവിടാന്‍ മുത്തുച്ചിപ്പിയും മംഗളവുമൊക്കെയുള്ളപ്പോള്‍ ദേശാഭിമാനിയും മത്സരിക്കണോ?”” ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ എം. രാജേഷ് ഫേസ്ബുക്കിലെഴുതി.

ഫാസിസ്റ്റു ശക്തികള്‍ വര്‍ഗീയ വിഷവും അന്ധവിശ്വാസ പ്രചരണവും നടത്തി നാടിനെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ സാധാരണക്കാരന്റെ പ്രതിരോധ മാവേണ്ട പാര്‍ട്ടി പത്രത്തില്‍ അതിന്റെ പത്തൊന്‍പതാമത്തെ എഡിഷന്റെ ഉദ്ഘാടന ദിവസം തന്നെ അച്ചടിച്ചുവന്ന പീറ സദാചാര വാര്‍ത്ത വേദനിപ്പിച്ചുവെന്നും രാജേഷ് പറയുന്നു.

ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌

ആലപ്പുഴയില്‍ ചുംബന സമരമുണ്ടായപ്പോള്‍ രാജേഷ് അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. രാജേഷിനും പങ്കാളിയായ രശ്മിയും ആലപ്പുഴ ബീച്ചില്‍ സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായിരുന്നു . ഇക്കാര്യം പറഞ്ഞാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടിനെ ഇവര്‍ ന്യായീകരിക്കുന്നത്.

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ കമന്റിട്ടത് രാജേഷിനെ സദാചാര വിരുദ്ധനായി ചിത്രീകരിച്ചാണ്. അതിലൊരാളുടെ കമന്റ് ഇപ്രകാരമാണ്.”” സ്വന്തം ഭാര്യയെ പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയമാക്കുകയും അതിന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തയാളുടെ മാനസികാവസ്ഥ മനസിലാക്കാവുന്നതേയുള്ളൂ.

ആലപ്പുഴ ബീച്ചില്‍ നടക്കുന്നത് മുഴുവന്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളല്ല. എന്നാല്‍, ഒറ്റപ്പെട്ട ചിലര്‍ രാജേഷിന്റെ സംസ്‌കാരവുമായി അവിടെ എത്താറുണ്ട്. അത് പരാതിയായതിനാലാണ് പെലീസ് നിരീക്ഷണം ഏര്‍പ്പെടുത്തേണ്ടി വന്നത്. പൊലീസ് പിടികൂടിയവര്‍ പൊതുസ്ഥലത്ത് രാജേഷ് ഭാര്യയോട്കാട്ടിയ ചേഷ്ടകള്‍ കാട്ടിയവരാണ്. ഭാവിയില്‍ രാജേഷുമാര്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസ് പിടികൂടിയ കാര്യം വാര്‍ത്തയാക്കിയത്. രാജേഷുമാരുടെ സംസ്‌കാരത്തിലേക്ക് പുതു തലമുറപോകരുതല്ലോ?””

രാജേഷിനെ അധിക്ഷേപിച്ചുള്ള ജീവനക്കാരന്റെ കമന്റ്‌

മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരിക്കുന്ന കമിതാക്കളെ അടിച്ചോടിക്കാന്‍ ശിവസേനക്കാര്‍ കൈയില്‍ വച്ച ചൂരല്‍വടിയെടുത്ത് സ്വന്തം കക്ഷത്തില്‍ വെച്ചിരിക്കുകയാണ് ദേശാഭിമാനി പത്രമെന്ന് കോളമിസ്റ്റായ ഹസ്ന ഷാഹിദ അഴിമുഖത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. പൊലീസ് ചെയ്ത നിയമവിരുദ്ധ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് പത്രം ചെയ്തത്. ആലപ്പുഴയില്‍ പുതിയ എഡിഷന്‍ ഉദ്ഘാടനം ചെയ്തത് കൊണ്ട് പൊതുബോധത്തെ കൂട്ട് പിടിച്ച് വായനക്കാരെ കൂട്ടാനുള്ള തന്ത്രമാണോ ഇത്തരം വാര്‍ത്തകളെന്ന് കരുതേണ്ടി വരുമെന്നും ഹസ്ന പറയുന്നു.

നേരത്തെ ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ മിഷന്റെ ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രോഗ്രാം മാനേജരും എസ്.പിയുടെ വനിതാ അഡൈ്വസറി ബോര്‍ഡ് അംഗവുമായ മോള്‍ജി റഷീദ് “ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട്” എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു കുറിപ്പും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. “ആലപ്പുഴ കടപ്പുറത്തു വിരിയുന്ന ആഭാസ കുടകള്‍” എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് സദാചാര പൊലീസിങ് ആണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

അനസ് അലി

We use cookies to give you the best possible experience. Learn more