| Friday, 29th June 2018, 10:20 am

അവള്‍ക്കൊപ്പം ഒരു ആസിഡ് ടെസ്റ്റാണ്, ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ; എം.എല്‍.എമാരോട് ടി.എന്‍ സീമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട പ്രതിയായ ദിലീപിനെ താരസംഘടനയായ A.M.M.A  തിരിച്ചെടുത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുൻ ഇടതുപക്ഷ  എം.പി ടി.എന്‍ സീമ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുൻ എം.പി നിലപാട് ജനങ്ങളെ അറിയിച്ചത്.

നിങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യം ഉയരുമ്പോള്‍ ഞാന്‍ അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോര, അവള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്തവര്‍ നല്‍കുന്ന അപകടകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക കൂടെ വേണം. ടി എന്‍ സീമ പറഞ്ഞു.

നമ്മുടെ പെണ്‍ മക്കള്‍ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ തയ്യാറെടുക്കുന്ന കാലമാണിത്, പുരുഷാധികാരക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുമ്പോള്‍ അവരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കണമെന്നും പോസ്റ്റില്‍ എം.പി എഴുതുന്നുണ്ട്.

സംഘടനയില്‍ നിന്നും രാജിവെയ്ക്കാന്‍ തയ്യാറായ നാല് നടിമാരെ അഭിനന്ദിക്കാനും എം.എല്‍.എ മറന്നില്ല. വിവേചനത്തിന്റെ വൃത്തികെട്ട അനുഭവങ്ങള്‍ ഉറക്കെ പറയാനും പ്രതിഷേധിക്കാനും നാല് നടിമാര്‍ മുന്നോട്ട് വന്നപ്പോള്‍ അഴിഞ്ഞു വീണത് പണം കൊണ്ടും പ്രമാണിത്തം കൊണ്ടും ധാര്‍ഷ്ട്യം കൊണ്ടും കെട്ടിപ്പൊക്കിയ താര സാമ്രാജ്യങ്ങളുടെ മുഖം മൂടികളണ്. മലയാള സിനിമാ രംഗത്തെ താരസങ്കല്പങ്ങളെ വിമര്‍ശിച്ച് കൊണ്ട് എം.പി പറഞ്ഞു.

സമൂഹത്തോടും സഹജീവികളോടും മനുഷ്യാവകാശങ്ങളോടും എത്ര മാത്രം പ്രതിബദ്ധത തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണം കൂടെയാണ് അവള്‍ക്കൊപ്പം നില്‍ക്കുക എന്നും ടി. എന്‍ സീമ പറയുന്നുണ്ട്. ഇത് ഏറ്റെടുക്കാന്‍ എത്ര എം.എല്‍.എമാര്‍ തയ്യാറുണ്ടെന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇടതുപക്ഷത്തെ തന്നെ എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ഇവര്‍ A.M.M.A സംഘടനാ അംഗങ്ങള്‍ കൂടെയാണ്. ഇന്നലെ പ്രതികരണം ചോദിച്ചപ്പോള്‍ പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാം എന്നാണ് മുകേഷ് മറുപടി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ടി.എന്‍ സീമയുടെ എം.എല്‍.എമാരോടുള്ള വെല്ലുവിളി ചര്‍ച്ചയാവുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

We use cookies to give you the best possible experience. Learn more