തിരുവനന്തപുരം: സി.പി.ഐ.എം നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജ് രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. പാര്‍ട്ടി അംഗത്വവും രാജിവെച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിലെ വിഭാഗീയതാണ് രാജിക്ക് കാരണം.
സി.പി.ഐ.എമ്മില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിച്ചുവരികയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് എം.എല്‍.എയെന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തിക്കാനാവില്ലെന്നും അതിനാലാണ് രാജിയെന്നും ശെല്‍വരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ലമെന്ററി വ്യാമോഹമാണ് സി.പി.ഐ.എമ്മിന്റെ വിഭാഗീയതയ്ക്ക് കാരണം. സി.പി.ഐ.എം എം.എല്‍.എമാരും മന്ത്രിമാരും ഗ്രൂപ്പ് വ്യത്യാസമില്ലാതെ അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ടിരിക്കുകയാണ്. തനിക്കിതിന് കൂട്ടുനില്‍ക്കാനാവില്ല. തനിക്ക് ജനപിന്തുണയുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. എന്നാല്‍ എം.എല്‍.എയെന്ന നിലയില്‍ സി.പി.ഐ.എമ്മിലെ പ്രശ്‌നങ്ങള്‍ കാരണം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല. കാട്ടിക്കൂട്ടലായി എം.എല്‍.എ സ്ഥാനത്ത് തുടരാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനവും പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളും രാജിവെക്കുന്നതായി ശെല്‍വരാജ് അറിയിച്ചു.
2006-ല്‍ തിരുവനന്തപുരത്തെ പാറശ്ശാല നിയോജകമണ്ഡലത്തില്‍ നിന്നാണ് ശെല്‍വരാജ് ആദ്യം നിയമസഭയിലേക്ക് മത്സരിച്ചത്. സി.പി.ഐ.എമ്മിന്റെ ഉറച്ചമണ്ഡലങ്ങളിലൊന്നായ പാറശ്ശാലയില്‍ നിന്നും ജയിച്ച് അദ്ദേഹം എം.എല്‍.എയായി. എന്നാല്‍ കഴിഞ്ഞതിരഞ്ഞെടുപ്പില്‍ താരതമ്യേന വിജയസാധ്യത കുറഞ്ഞ നെയ്യാറ്റിന്‍കര മണ്ഡലമാണ് അദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയത്. പാറശാലയിലെ സീറ്റ് ഔദ്യോഗിക പക്ഷത്തെ പ്രതിനിധീകരിക്കുന്ന ആനാവൂര്‍ നാഗപ്പന് നല്‍കി. ആനാവൂര്‍ നാഗപ്പന്‍ അഞ്ഞൂറോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ ശെല്‍വരാജ് വിജയിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് വന്ന പാര്‍ട്ടി ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി തീരുമാനം ആദ്യം ഉള്‍ക്കൊള്ളാന്‍ ശെല്‍വരാജ് തയ്യാറായിരുന്നില്ലെന്നും ഇത് പാര്‍ട്ടി പ്രവര്‍ത്തകന് യോജിച്ച രീതിയല്ലെന്നും ആക്ഷേപമുണ്ടായിരുന്നു. നാഗപ്പന്റെ പരാജയത്തിന് പിന്നില്‍ ശെല്‍വരാജന് പങ്കുണ്ടെന്ന ആരോപണവും പാര്‍ട്ടി ജില്ലാസമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി ഏരിയാകമ്മിറ്റിയില്‍ നിന്നും ശെല്‍വരാജനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയില്‍ അംഗത്വമുള്ളതുകൊണ്ടാണ് ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതെന്നായിരുന്നു പാര്‍ട്ടി നല്‍കിയ വിശദീകരണം.