Advertisement
മലപ്പുറത്ത് വീണ്ടും സി.പി.ഐ.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു; 24 മണിക്കൂറിനിടെ വെട്ടേറ്റത് മൂന്ന് പേര്‍ക്ക്
Political Violance
മലപ്പുറത്ത് വീണ്ടും സി.പി.ഐ.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു; 24 മണിക്കൂറിനിടെ വെട്ടേറ്റത് മൂന്ന് പേര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 10, 09:57 am
Thursday, 10th May 2018, 3:27 pm

കൂട്ടായി: മലപ്പുറത്ത് വീണ്ടും സി.പി.ഐ.എം പ്രവര്‍ത്തകന് നേരെ ആക്രമണം. കൂട്ടായിയില്‍ അരയന്‍കടപ്പുറം കുറിയന്റെ പുരയ്ക്കല്‍ ഇസ്മായീലിനെയാണ്(39) ഇന്ന് രാവിലെ ഒരു സംഘം വെട്ടിയത്. ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു.

ഇരുപത്തി നാല് മണിക്കൂറിനിടെ വെട്ടേല്‍ക്കുന്ന മൂന്നാമത്തെ ആളാണ് ഇസ്മായീല്‍. ഇരുകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. തിരൂര്‍ പറവണ്ണയില്‍ തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവര്‍ക്കാണ് ഇന്നലെ വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രദേശത്ത് നേരത്തെ സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.

രാത്രി ഒമ്പതരയോടെ എംഇഎസിന് പടിഞ്ഞാറ് വശത്തെ ബീച്ചില്‍വച്ചായിരുന്നു അക്രമം. ബീച്ചില്‍ ഇരിക്കുകയായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ ആക്രമികള്‍ വെട്ടുകയായിരുന്നു.

പത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നേരത്തെ മുതല്‍ സി.പി.ഐ.എം- മുസ്ലിം ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. രണ്ടാഴ്ച മുന്‍പ് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അതിനു മുന്‍പ് സി.പി.ഐ.എം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു.