നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗത്തിനുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം
National
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗത്തിനുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th April 2018, 8:27 am

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗത്തിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം. ബിര്‍ഭും ജില്ലയില്‍ നല്‍ഹട്ടിയിലുണ്ടായ അക്രമത്തില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എം.പിയുമായ രാമചന്ദ്ര ഡോമിനും നിരവധി പ്രവര്‍ത്തകര്‍ക്കും ഗുരുതരമായ പരിക്കേറ്റു.

പത്രിക സമര്‍പ്പിക്കാന്‍ പാര്‍ടി സ്ഥാനാര്‍ഥികളെ ആനയിച്ചുള്ള പ്രകടനത്തിനിടെയായിരുന്നു ആക്രമണം. മര്‍ദ്ദനം തടയാന്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് സി.പി.ഐ.എം ആരോപിച്ചു.


Also Read:  സല്‍മാന്റെ തടവ് ശിക്ഷ; 650 കോടിയോളം രൂപയുടെ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍; ആശങ്കയോടെ സിനിമാലോകം


ഉത്തര ദിന്‍ജാപ്പുരിലെ റാണിഗഞ്ചിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണവുമായി രംഗത്തെത്തി. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര അഭ്യര്‍ഥിച്ചു. തൃണമൂല്‍ ഭരണത്തില്‍ സംസ്ഥാനത്ത് ജനാധിപത്യമൂല്യം തകര്‍ന്നെന്ന് തെളിയിക്കുന്നതാണ് അക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനകേന്ദ്രങ്ങളായ ബ്ലോക്ക് സബ്ഡിവിഷണലുകളിലെ ഓഫീസുകള്‍ പൂര്‍ണമായി തൃണമൂല്‍ നിയന്ത്രണത്തിലാണ്. തൃണമൂല്‍ നേതാക്കളായ അനുബ്രത മണ്ഡ, സവേന്ദു അധികാരി എന്നിവര്‍ പരസ്യമായി എതിരാളികളെ തടയാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ്. ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും മിശ്ര അഭ്യര്‍ഥിച്ചു.


Also Read:  5.6 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി: ഫേസ്ബുക്ക്


തൃണമൂല്‍ കോണ്‍ഗ്രസ് അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്രമണത്തില്‍ പരിക്കേറ്റ രാമചന്ദ്ര ഡോം പറഞ്ഞു.

അതേസമയം ആരോപണങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി.

നേരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രികയുടെ അപേക്ഷാ ഫോം വാങ്ങാന്‍ പോകുന്നതിനിടെ ബി.ഡി.ഒ ഓഫീസിനുമുന്‍പില്‍ ആക്രമിക്കപ്പെട്ടിരുന്നു. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു ബി.ജെ.പിയുടെയും ആരോപണം.

Watch This Video: