| Thursday, 13th January 2022, 1:04 pm

പ്രതീകങ്ങളില്‍ ഹിന്ദുത്വം, ഉള്ളടക്കത്തില്‍ പാര്‍ട്ടി

താഹ മാടായി

കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഭക്തി പ്രസ്ഥാനമല്ല. പക്ഷേ, പാര്‍ട്ടി സമ്മേളനങ്ങള്‍, കൊടിമര ജാഥ, പുഷ്പാര്‍ച്ചനകള്‍ തുടങ്ങി പാര്‍ട്ടിയുടെ പ്രതീകങ്ങള്‍ ഹിന്ദു പൈതൃകം പേറുന്നവയാണ്. ഇത് ചില സാംസ്‌കാരിക പഠനങ്ങളില്‍ നേരത്തേ നിരീക്ഷക്കപ്പെട്ടതുമാണ്. ഈ പ്രതീകങ്ങള്‍ ‘മലയാളീതയുടെ ‘അടയാളങ്ങള്‍ കൂടിയാണ് എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്.

സാഹിത്യത്തിലുമുണ്ട് ഈ സവര്‍ണ പ്രതീകങ്ങളുടെ അധികപ്പെരുക്കങ്ങള്‍. സി.പി.ഐ.എമ്മില്‍ ഒരു മലയാളി ഹിന്ദുവിന് അവരവരുടെ സ്വത്വതന്മയ പ്രതീകങ്ങളെ പുണര്‍ന്നു കൊണ്ടു തന്നെയുള്ള രാഷ്ട്രീയ ജീവിതം നയിക്കാം.

കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കുന്നത് ഹിന്ദു സമൂഹത്തിന്റെ പ്രതീകങ്ങള്‍ പാര്‍ട്ടിയുടെ ‘അവതരണങ്ങ’ളില്‍ കോപ്പി പേസ്റ്റ് ചെയ്തു കൊണ്ടാണ്.

ഹിന്ദുസമൂഹങ്ങള്‍ പോലെ, ഇതരമത സമൂഹങ്ങള്‍ പാര്‍ട്ടിയിലേക്ക് വരാതിരുന്നതിന്റെ കാരണങ്ങള്‍ അതൊരു നിരീശ്വര വാദ പ്രസ്ഥാനമായതു കൊണ്ടു മാത്രമല്ല, അതില്‍ സന്നിഹിതമായ ഹിന്ദു പ്രതീകങ്ങളുടെ അധിക ബാധ്യതകള്‍ കൊണ്ടു കൂടിയാണ്.

പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന മുഖ്യമന്ത്രി

സവര്‍ണ ഫ്യൂഡല്‍ ബോധമുള്ളവരും തങ്ങളുടെ പ്രിയപ്പെട്ട ഒരു സ്വകാര്യ മണ്ഡലമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആലിംഗനം ചെയ്തു. അവരുടെ മനസ്സില്‍ നന്നായി വേരുറപ്പിച്ച പ്രതീകങ്ങള്‍ പാര്‍ട്ടിയുടെ സമൂഹ മനസ്സിന് മുന്നിലുള്ള അവതരണങ്ങളില്‍ അവര്‍ കണ്ടു. പാര്‍ട്ടി നടത്തുന്ന പൊതു ചടങ്ങുകളുടെ സ്വഭാവത്തില്‍ ഈ ഹിന്ദുത്വ പ്രതീകങ്ങള്‍ കാണാം. പ്രതീകങ്ങളില്‍ ഹിന്ദുത്വം, ഉള്ളടക്കത്തില്‍ മാര്‍ക്‌സിസം- ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അവതരണം.

പാര്‍ട്ടിക്ക് ഇത്തരമൊരു ഇരട്ട ജീവിതമുണ്ടാകുമ്പോള്‍ തന്നെ, വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ചിന്താപരമായ തുടര്‍ച്ചകള്‍ ആ പാര്‍ട്ടിയിലുള്ളവര്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഹിന്ദു സമൂഹത്തിന്റെ പ്രതീകങ്ങളില്‍ ആശ്രിതത്വം കാണിക്കുമ്പോഴും, മതനിരപേക്ഷ / സെക്യുലര്‍ ബോധത്തെ പ്രചോദിപ്പിക്കുന്ന ഇടപെടലുകള്‍ നടത്താനും പാര്‍ട്ടിക്ക് സാധിക്കുന്നു.

പാര്‍ട്ടി ചടങ്ങുകളുടെ സ്വഭാവത്തില്‍ ഹിന്ദുത്വത്തിന്റെ അവതരണങ്ങള്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നതു കാണാമെങ്കിലും, ഫ്യൂഡല്‍ ഗൃഹാതു തരതയില്‍ നിന്ന് ഏറെ വിട്ടു നില്‍ക്കുന്നവരാണ് സി.പി.ഐ.എമ്മിലെ മിക്കവാറും സഖാക്കള്‍.

വ്യക്തിനിഷ്ഠമാനങ്ങളില്‍ അവര്‍ കമ്യൂണിസ്റ്റ് ജീവിതം തന്നെ നയിക്കുന്നു. പാര്‍ട്ടിയുടെ ചിന്തയുടെ നിയമങ്ങള്‍ക്ക് വിധേയമായ ഒരു രാഷ്ട്രീയ ജീവിതം. സംശയമില്ല, പിണറായിയും കോടിയേരിയും എം.എ.ബേബിയും പി.ജയരാജനും എം.വി.ജയരാജനും തുടങ്ങി മിക്കവാറും കമ്യൂണിസ്റ്റുകാര്‍, പാര്‍ട്ടി ചിന്തയുടെ നിയമങ്ങള്‍ക്ക് വിധേയമായ ഒരു രാഷ്ട്രീയ ജീവിതമാണ് നയിക്കുന്നത്.

അപ്പോഴും, പിണറായിയെ മാത്രം തിരഞ്ഞുപിടിച്ച് ‘കപ്പിത്താന്‍’ പ്രയോഗങ്ങളും തിരുവാതിര സ്തുതികളും ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? ഇത് പിണറായിയുടെ ആഗ്രഹചിന്തയല്ല, അത്തരം പാട്ടുകൊണ്ടു പാട്ടിലാക്കാവുന്ന ആളുമല്ല, പിണറായി. അത്തരം സ്തുതി ഗീതങ്ങളില്‍ അഭിരമിക്കുന്ന നേതാവുമല്ല. എന്നിട്ടും, എന്തുകൊണ്ട് ആ തിരുവാതിര വരികള്‍? വ്യക്തിപ്രഭവങ്ങളുടെ അരോചകമായ സ്തുതിഗീതങ്ങള്‍ തിരുത്താന്‍ ആര്‍ക്കും സാധിക്കാതെ പോയതെന്തുകൊണ്ട്?

ഇവിടെയാണ് സി.പി.ഐ.എമ്മിന്റെ സാമൂഹ്യ മനസ്സിന്റെ ഫോക്കസ്. തൊഴാന്‍ ഈ പാര്‍ട്ടിക്ക് ഒരു ദൈവം വേണം. എ.കെ.ജി /ഇ എം.എസ് മാത്രം പോരാ. കാഴ്ചകളില്‍ അഭിരമിക്കുന്ന ഒരു സംഘ മനസ്സിനു മുന്നില്‍ തൊഴുതു നില്‍ക്കാന്‍ ഒരു പ്രതിഷ്ഠ വേണം.

കേരളത്തിലെ സാംസ്‌കാരിക രംഗത്ത് ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ ഇന്ന് സമ്പൂര്‍ണമാണ്. മുസ്‌ലിം നവയൗവ്വന പ്രസ്ഥാനങ്ങളുടെ തെരുവുനാടകങ്ങള്‍ / പോസ്റ്ററുകള്‍ /ഡോക്യുമെന്ററികള്‍/സാംസ്‌കാരിക സദസ്സുകള്‍ – മാറ്റി നിര്‍ത്തിയാല്‍ ഇടതു പക്ഷമാണെവിടെയും.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കുക വഴി, ആരും ഇടതിനു പുറത്തല്ല എന്ന സന്ദേശം കൂടി നല്‍കി ഇടതു പക്ഷം. അതായത്, പാര്‍ട്ടിയില്‍ നിന്ന് ആരും ഇന്ന് പുറത്തല്ല. സമസ്തക്ക് പോലും പാര്‍ട്ടിലൊരിടമുണ്ട്.

പക്ഷെ, വ്യക്തികള്‍ പ്രശംസിക്കപ്പെടുമ്പോള്‍, പ്രസ്ഥാനം കൂടി ജനകീയമായി മുന്നോട്ടു പോകുമെന്നതാണ് പാര്‍ട്ടി ചരിത്രം. വ്യക്തിഗതമല്ലാത്ത ആധുനികവല്‍ക്കരണത്തിലൂടെ കടന്നു പോകാന്‍ പാര്‍ട്ടി/ സി.പി.ഐ.എം ഒരു പ്രസ്ഥാനമെന്ന നിലയില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെ അണികള്‍ വി.എസിനെ ദൈവമാക്കിയതു പോലെ പിണറായിയേയും ദൈവമാക്കാന്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ആ തിരുവാതിര മാവേലിയെപ്പോലെ പുതിയൊരു ദൈവത്തെ അവതരിപ്പിക്കാനല്ലെങ്കില്‍ പോലും, അതിലൊരു അരാഷ്ട്രീയ ധ്വനിയുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more