സോമനാഥ് ചാറ്റര്‍ജി സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരുന്നു?
Daily News
സോമനാഥ് ചാറ്റര്‍ജി സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരുന്നു?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th July 2015, 11:07 am

Somanath-Chatargeeകൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജ്ജി സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരുമെന്ന് സൂചന. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഇക്കാര്യം സൂചിപ്പിച്ചത്. ഏഴുവര്‍ഷം മുമ്പാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കൊല്‍ക്കത്തയില്‍ അന്തരിച്ച സി.പി.ഐ.എം നേതാവ് ജ്യോതി ബസുവിന്റെ 102ാം ജന്മദിനാഘോഷപരിപാടിയിലെത്തിയപ്പോഴാണ് യെച്ചൂരി ഇക്കാര്യം സൂചിപ്പിച്ചത്.

“ഇത്തരം കാര്യങ്ങളില്‍ ചില നടപടിക്രമങ്ങളുണ്ട്. അവ നടന്നു വരികയാണ്. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ ഉടനെ തന്നെ അറിയും.” യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യെച്ചൂരിക്കും പോളിറ്റ്ബ്യൂറോ അംഗങ്ങളായ ബിമന്‍ ബോസ്, സുര്യ കാന്ത മിശ്ര, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പമാണ് സോമനാഥ് ചാറ്റര്‍ജി ഈ പരിപാടിയില്‍ പങ്കെടുത്തത്.

2008 ജൂലൈയിലാണ് സോമനാഥ് ചാറ്റര്‍ജിയെ സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കുന്നത്.  ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാനുള്ള പാര്‍ട്ടി തീരുമാനം നിരസിച്ചതിനെ തുടര്‍ന്നാണ് പോളിറ്റ് ബ്യറോ ഐക്യകണ്‌ഠേന ഇത്തരമൊരു തീരുമാനം എടുത്തത്. 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഇദ്ദേഹം ലോക്‌സഭാ സ്പീക്കറായി സ്ഥാനമേറ്റെടുക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റ് എം.പിയാണ് ചാറ്റര്‍ജി.

എന്നാല്‍ ഇന്ത്യ അമേരിക്ക ആണവകരാറുമായി ബന്ധപ്പെട്ട് ജൂലൈ 9ന് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ സി.പി.ഐ.എം പിന്‍വലിച്ചങ്കിലും രാജിവെക്കാനുള്ള പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിനെതിരായി സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ചാറ്റര്‍ജി തീരുമാനിക്കുകയായിരുന്നു.

അതേസമയം താന്‍ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തെത്തിയതിനുള്ള ഏക കാരണം പാര്‍ട്ടിയാണെന്നും ആസ്ഥാനം ഏറ്റെടുക്കാന്‍ ജ്യോതി ബസു തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും പരിപാടിയില്‍ സംസാരിക്കവെ ചാറ്റര്‍ജി പറഞ്ഞു.

“പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെയായിരിക്കണമെന്നതിന് ഞാന്‍ ഒരു മാതൃകയായിരിക്കണമെന്നാണ് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ജ്യോതി ബസു എന്നോട് പറഞ്ഞത്. അത് എത്രത്തോളം പ്രാവര്‍ത്തികമായി എന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ അതിന് ശ്രമിച്ചിട്ടുണ്ട്. ചില തെറ്റിദ്ധാരണകളൊക്കെയുണ്ട് എന്നാല്‍ കഴിഞ്ഞ കാലത്തെ പറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.