ബത്തേരി: വയനാട് ഡി.സി.സി ട്രഷറുടെ ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്റെ ഓഫീസിലേക്ക് സി.പി.ഐ.എം മാര്‍ച്ച്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.
എം.എല്‍.എ സ്ഥാനത്ത് നിന്ന് ഐ.സി. ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ.എമ്മിന്റെ പ്രതിഷേധം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പിനെ തുടര്‍ന്നാണ് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തതെന്നാണ് സി.പി.ഐ.എം പറയുന്നത്.
ട്രഷററുടെ മരണത്തില്‍ ആരംഭിച്ച കെ.പി.സി.സി.സി അന്വേഷണം വെറും നാടകമാണെന്ന് മനസിലായെന്നും സി.പി.ഐ.എം പറഞ്ഞു. ആത്മഹത്യ ശ്രമം നടത്തുന്നതിന് മുന്നോടിയായി അദ്ദേഹം ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിട്ടുണ്ടാകുമെന്നും അത് എടുത്തുമാറ്റിയിട്ടുണ്ടെങ്കില്‍ പുറത്തുവിടണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
ഐ.സി. ബാലകൃഷ്ണന്റെ ഓഫീസ് ഒരു അറവുശാലയാണ്. എം.എല്‍.എയുടെ മേല്‍നോട്ടത്തിലാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ അഴിമതി നടക്കുന്നതെന്നും സി.പി.ഐ.എം ആരോപിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ സ്ഥാനത്തിരിക്കാൻ അവകാശമില്ലെന്ന് കെ. റഫീഖും പറഞ്ഞു.
ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ജിജേഷിന്റെയും രാത്രിയോടെ വിജയന്റെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ എന്‍.എന്‍. വിജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക അവശതകള്‍ മൂലം കിടപ്പിലായിരുന്നു.
Content Highlight: CPIM march to MLA IC Balakrishnan’s office