തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി വര്‍ധിത ഊര്‍ജത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മറികടക്കുമെന്ന് സി.പി.ഐ.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.ജനങ്ങളെ തിരിച്ചുപിടിക്കാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടലിനാണ് റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നത്.
”രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കുശേഷം വരുന്ന ഈ ഫലങ്ങള്‍ നമ്മുടെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടല്‍ശേഷിയും വലിയതോതില്‍ ക്ഷയിച്ചു എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു.
നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടുവിഹിതത്തിലെ ഇടിവ് വലിയ ഉല്‍ക്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട്”- എന്നാണ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്.
”ബഹുജന പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുന്നതില്‍ വര്‍ഗ ബഹുജന സംഘടനകള്‍ സജീവമായിരുന്നു. വലിയ ബഹുജന അണിനിരത്തലുകള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നു. 56 ലക്ഷം സ്ത്രീകള്‍ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ച വനിതാമതിലിനു കേരളം സാക്ഷ്യം വഹിച്ചു. ഈ ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവര്‍ത്തനം ചെയ്യപ്പെട്ടില്ല. നമ്മുടെ സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം അടിയന്തരമായി പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവജനങ്ങളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതിലേക്ക് നയിച്ചെന്നും അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ജനാധിപത്യാവകാശം രാജ്യത്താകെ ഗുരുതരമായി പരിമിതപ്പെടുത്തപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മാ നിരക്ക് വളരെ ഉയര്‍ന്നിരുന്നിട്ടും നമുക്ക് യുവാക്കളെ ഉശിരന്‍ പ്രക്ഷോഭങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.
യുവാക്കളിലേക്ക് എത്താനുള്ള പ്രധാന വഴി സാമൂഹ്യമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയവുമാണ്. ഈ ഉപകരണങ്ങളെ ബി.ജെ.പി തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും യുവാക്കളെ സ്വാധീനിക്കാനുമായി വിജയകരമായി ഉപയോഗിച്ചു. അടിയന്തരമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യുകയും അവശ്യംവേണ്ട നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗര പ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. പല നിയോജകമണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്‍ വര്‍ഗ ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണ്. അംഗത്വത്തിന്റെ ഇരട്ടിപ്പ് കണക്കിലെടുത്താല്‍പോലും ഈ വിടവ് അറിയിക്കുന്നത് ബഹുജന സംഘടന അംഗങ്ങളുടെ രാഷ്ട്രീയവല്‍കരണ പ്രക്രിയ വേണ്ടതിലും എത്രയോ അകലെയാണെന്നാണ്.
ജനങ്ങളുടെ പൊള്ളുന്ന പ്രശ്‌നങ്ങളില്‍ സമരങ്ങള്‍ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാര്‍ട്ടികളും സാമൂഹ്യശക്തികളുമായും ചേര്‍ന്നു നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പാര്‍ട്ടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടല്‍ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണം.
2015 ഡിസംബറില്‍ ചേര്‍ന്ന കൊല്‍ക്കത്താ പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണ്. ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങള്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടിട്ടില്ല.
പുതിയ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നത് രൂക്ഷമാക്കും. പരമാവധി ജനവിഭാഗങ്ങളെ അണിനിരത്തുന്നതിലും സമരങ്ങള്‍ നയിക്കുന്നതിലും പാര്‍ട്ടി നേതൃത്വം വഹിക്കണം.
ഈ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വര്‍ഗീയ ധ്രുവീകരണം ദൃഢീകരിച്ച പശ്ചാത്തലത്തില്‍ വര്‍ഗീയശക്തികളുടെ കടന്നാക്രമണം ഇനിയും കൂടുതല്‍ രൂക്ഷമാകും.
ഭരണഘടനയ്ക്ക് കീഴിലുള്ള നിയന്ത്രണ സംവിധാനങ്ങളെ എല്ലാം തുരങ്കംവയ്ക്കുന്ന പ്രക്രിയ കൂടുതല്‍ രൂക്ഷമാകും. ഇത് ആര്‍.എസ്.എസിന് ആവശ്യമാണ്. ഭരണഘടനയ്ക്ക് കീഴിലുള്ള അധികാരസ്ഥാനങ്ങളുടെ പ്രതിരോധവും ശക്തിപ്പെടുത്തലും നമ്മുടെ സംഘടിതപ്രചാരണങ്ങളുടെ സ്ഥായിയായ സ്വഭാവമാകണം.
ജനങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കും. വിയോജിപ്പിനെ അമര്‍ച്ചചെയ്യാന്‍ നിയമപരമായ പീഡനങ്ങളും വേട്ടയാടലും ഉണ്ടാകും. ഈ വെല്ലുവിളിയെ പാര്‍ട്ടി വിട്ടുവീഴ്ചയില്ലാതെ നേരിട്ട് പരാജയപ്പെടുത്തണം.
തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും കാര്‍ഷകത്തൊഴിലാളികളുടെയും നീറുന്ന പ്രശ്‌നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായ സമരങ്ങള്‍ നടത്തണം. ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലാന്‍ പാര്‍ട്ടി നേതാക്കള്‍ മുന്നിട്ടിറങ്ങണം. തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള യുവാക്കളില്‍ വലിയ വിഭാഗങ്ങളെ ബഹുജന സംഘടനകളിലേക്ക് ആകര്‍ഷിക്കണം. ഇടത് ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തണം. കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മില്‍ കൂടുതല്‍ ഏകോപനമുണ്ടാകണം.
രാജ്യത്ത് വലതുപക്ഷ രാഷ്ട്രീയ കടന്നാക്രമണത്തെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. വലത്തോട്ടുള്ള ഈ ഏകീകരണത്തെ ഫലപ്രദമായി ചെറുക്കാനാകുക രാഷ്ട്രീയ ഇടതുപക്ഷത്തിനുമാത്രമാണ്.
സി.പി.ഐ.എമ്മും മറ്റ് ഇടതുപക്ഷവുമാണ് വലതുപക്ഷ കടന്നാക്രമണത്തെ എതിരിടുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ ശക്തി. ഇന്നത്തെ പ്രയാസംനിറഞ്ഞ സ്ഥിതിഗതികളില്‍ ഈ സമരത്തെ മുന്നോട്ടുകൊണ്ടുപോകുമെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.